ഇസ്രായേൽ നഗരങ്ങളിൽ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ

ഇസ്രായേൽ നഗരങ്ങളായ തെൽ അവീവിനും ഹൈഫക്കും നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുല്ല. തെൽ അവീവിന് സമീപത്തെ ഗിലോറ്റ് സൈനിക കേന്ദ്രത്തിന് നേരെയാണ് ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തുടർന്ന് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഹൈഫയെ ലക്ഷ്യമിട്ടും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായി. സ്റ്റെല്ല മേരിസ് ​നാവികതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിസേറിയ നഗരത്തിൽ നടന്ന ആക്രമണമെന്ന പേരിൽ ചില ചിത്രങ്ങളും ഹിസ്ബുല്ല പുറത്തുവിട്ടിരുന്നു. എന്നാൽ, ഇതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തിട്ടില്ല. അതേസമയം, വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ടെൽ അവീവിലെ ഒരു ഇൻ്റലിജൻസ് ഓഫീസും ഹൈഫയിലെ ഒരു നാവിക താവളവും  ലക്ഷ്യമിട്ടതായി ഹിസ്ബുള്ള പറയുന്നു.

മധ്യദൂര മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് ഹിസ്ബുല്ലയുടെ മധ്യദൂര മിസൈലുകൾ ഉപയോഗിക്കുന്നത്. ആക്രമണമുണ്ടായി മിനിറ്റുകൾക്കം തന്നെ ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണുകളും മുഴങ്ങിയെന്നും അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു. ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ആക്രമണം ബാധിച്ചിട്ടുണ്ട്. വടക്കൻ ഇസ്രായേൽ അതിർത്തിയോട് ചേർന്ന് പീരങ്കി ഷെല്ലാക്രമണവും നടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രയേലുമായുള്ള യുദ്ധത്തിൽ തങ്ങൾ തന്ത്രം മാറ്റാൻ പോകുകയാണെന്ന് കഴിഞ്ഞയാഴ്ച ഹിസ്ബുള്ള പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മധ്യദൂര മിസൈലുകളുപയോഗിച്ചുള്ള ആക്രമണം ഹിസ്ബുല്ല ആരംഭിച്ചത്.

അതേസമയം, വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയിലാണ് ആക്രമണമുണ്ടായതെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുമെന്നും വഫയുടെ റിപ്പോർട്ടിൽ പറയുന്നു.
.

Share
error: Content is protected !!