ബലാത്സംഗ കേസ്; മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; പൊലീസ് നടപടി അതീവ രഹസ്യമായി

വടക്കാഞ്ചേരി: നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടിരുന്നില്ല. പുറത്തറിയാതിരിക്കാൻ അറസ്റ്റ് നടപടികൾ ഞൊടിയിടയിൽ പൂർത്തിയാക്കി.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് അറസ്റ്റ് നടപടികൾ. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നൽകിയതായും സൂചനയുണ്ട്.

2011 ല്‍ തൃശൂര്‍ വാഴാനിക്കാവില്‍ വെച്ച് നടന്ന ഒരു സംഭവത്തില്‍ ആലുവാ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ഇന്നലെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു.

2011 ല്‍ വാഴാനിക്കാവില്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അടുത്തിടെയാണ് സംഭവത്തില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം എത്തി. അതിന് ശേഷമുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യവും മുകേഷിനുണ്ട്.
.

Share
error: Content is protected !!