പൊലീസ് റിപ്പോർട്ടിനുശേഷം ദിവ്യക്കെതിരെ കൂടുതൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; നേതാക്കൾ പ്രസ്താവനകൾ നടത്തരുതെന്നും നിർദേശം

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുമുണ്ടാകില്ല. നവീന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ നില്‍ക്കേണ്ടത്. മറിച്ചുള്ള പ്രസ്താവനകള്‍ എല്‍.ഡി.എഫ് നേതാക്കന്‍മാര്‍ നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയൻ്റെ ഉറപ്പ്.
.
വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം എല്‍.ഡി.എഫ്. നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു. റവന്യു മന്ത്രി കെ. രാജന്‍ തുടക്കം മുതല്‍ നവീന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. സി.പി.എം. പത്തനംതിട്ട ഘടകവും പി.പി. ദിവ്യക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. മന്ത്രി വീണ ജോര്‍ജും നവീനെതിരായ ദിവ്യയുടെ ആരോപണത്തെ തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, പി പി ദിവ്യയെ പ്രതി ചേർത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാതെ ഉരുണ്ട് കളിക്കുകയാണ് പൊലീസ്. ദിവ്യ ഇപ്പോഴും എവിടെയാണെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുത്തിട്ടും ദിവ്യയിലേക്ക് പൊലീസ് ഇതുവരെ എത്തിയില്ല. ദിവ്യ ഇരിണാവിലെ വീട്ടിലില്ലെന്നാണ് വിവരം. പ്രതിയായിട്ടും പ്രതിഷേധമുണ്ടായിട്ടും ദിവ്യക്ക് സാവകാശം നൽകുകയാണ് പൊലീസ്. അതേസമയം, ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വാദം കേൾക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.

.

Share
error: Content is protected !!