കാറിൽ നിന്ന് 72 ലക്ഷം കവര്‍ന്ന കേസിൽ വമ്പൻ ട്വിസ്റ്റ്: മുളകുപൊടി വിതറി കവർച്ചാ നാടകം; പരാതിക്കാരനടക്കം 3 പേർ അറസ്റ്റിൽ
കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിലും ദേഹത്തും മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി പണം കവർന്ന സംഭവത്തിലാണ് നിർണായകമായ വഴിത്തിരിവിലേക്ക് കേസ് അന്വേഷണം എത്തിയിരിക്കുന്നത്.
.
ഇന്ത്യ വൺ എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് കവർച്ച നടന്നുവെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പൊലീസിനു മൊഴി നൽകിയത്. കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവരുകയായിരുന്നുവെന്നും സുഹൈൽ പറഞ്ഞിരുന്നു. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.
.
സംഭവം ഇങ്ങിനെ:
ഏകദേശം മൂന്നു മണിയോടെ കാട്ടിൽപീടികയിലെ കട തുറക്കാൻ മീൻ കച്ചവടക്കാരൻ ഹാരിസ് എത്തിയപ്പോഴാണ് കടയ്ക്കു സമീപത്തുനിന്നും ഒരു കരച്ചിൽ കേട്ടത്. ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. വീണ്ടും കരച്ചിൽ കേട്ടപ്പോഴാണ് കടയുടെ മുന്നിൽ നിർത്തിയിട്ട വെള്ള കാർ ശ്രദ്ധയിൽപ്പെട്ടത്. കാറിനടുത്തു പോയി പരിശോധിച്ചപ്പോഴാണ് കാറിന്റെ പിൻഭാഗത്ത് സീറ്റിനടിയിൽ ആരോ ഉള്ളതായി മനസ്സിലായത്. ഉടൻ ഹാരിസ് നാട്ടുകാരെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാരാണ് കാറിന്റെ ഡോർ തുറന്നു യുവാവിനെ പുറത്തെടുത്തത്. ശരീരമാസകലം മുളകുപൊടി വിതറിയ നിലയിലായിരുന്നു യുവാവ്. കയ്യും കാലും കയർ കൊണ്ട് കെട്ടിയിരുന്നു. നാട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് കവർച്ചയുടെ വിവരങ്ങൾ യുവാവ് പങ്കുവച്ചത്. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദ് നേതൃത്വത്തിൽ കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ ജിജേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
എടിഎമ്മിൽ നിക്ഷേപിക്കാനുളള പണവുമായി പോയ കാറിലുണ്ടായിരുന്ന ബാങ്ക് ജീവനക്കാരനെ ആക്രമിച്ച് 25 ലക്ഷം രൂപ കവർന്നെന്നായിരുന്നു പരാതി. കൊയിലാണ്ടി ഫെഡറൽ ബാങ്കിൽ നിന്നു പിൻവലിച്ച് പത്തോളം ഇന്ത്യ വൺ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ സ്വകാര്യ ഏജൻസി കൊണ്ടുപോയ പണമാണ് മോഷ്ടിച്ചത്.
കൊയിലാണ്ടി അരിക്കുളം കുരുടിമുക്കിൽവെച്ച് പർദധാരിയായ സ്ത്രീ കാറിന് കൈകാട്ടിയെന്ന് പണം കൊണ്ടുപോയ ഏജൻസിയിലെ ജീവനക്കാരനായ സുഹൈൽ പറയുന്നു. കാർ നിർത്തിയ ഉടനെ രണ്ടുപേർ കാറിലേക്ക് അതിക്രമിച്ചു കടന്ന് ഡ്രൈവിങ് സീറ്റിൽ ഇരുന്ന തന്നെ ബോധം കെടുത്തിയെന്നും സുഹൈൽ പൊലീസിനോടു പറഞ്ഞു.അബോധാവസ്ഥയിലായ ജീവനക്കാരനെ കാട്ടിൽപീടിക മുജാഹിദ് പള്ളിക്ക് എതിർവശം കാറിൽ ഉപേക്ഷിക്കുകയായിരുന്നു.
ഈ കേസിലാണ് സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താഹയിൽ നിന്നും 37 ലക്ഷം രൂപയും കണ്ടെത്തി.
എടിഎമ്മിൽ നിറയ്ക്കാനായി 72,40,000 രൂപയുമായാണ് സുഹൈൽ കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ പയ്യോളിയിലേക്കുള്ള യാത്രയ്ക്കിടെ പർദ്ദ ധരിച്ച ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരാൾ ആക്രമിച്ചുവെന്നും ആയിരുന്നു സുഹൈൽ പൊലീസിനു നൽകിയ മൊഴി. യുവാവിന്റെ മൊഴിയില്‍ തുടക്കം മുതൽ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു. ഈ വൈരുധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന് തന്നെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്.
.