‘വിമാനത്തിലെത്തി മോഷണം, താമസം പഞ്ചനക്ഷത്ര ഹോട്ടലിൽ’; ഡൽഹി, മുംബൈ മോഷണസംഘം പിടിയിലായത് കേരളപൊലീസിൻ്റെ സാഹസിക നീക്കത്തിലൂടെ
കൊച്ചി: മോഷ്ടിക്കുന്ന ഫോണുകൾ ഐഎംഇഐ നമ്പർ ഉപയോഗിച്ച് പൊലീസ് കണ്ടെത്താതിരിക്കാൻ പൊളിച്ച് പാട്സുകളായി വിൽക്കും, വിമാനത്തിലെത്തി മോഷണം, താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ. ബോൾഗാട്ടിയിലെ അലൻവോക്കറുടെ സംഗീത ഷോയ്ക്കിടെ 39 മൊബൈൽ ഫോണുകൾ കവർന്ന ഡൽഹി, മുംബൈ സംഘത്തിന്റെ പ്രവർത്തനരീതി പൊലീസിനെപ്പോലും അതിശയിപ്പിച്ചു.
മോഷണ സംഘത്തെ തേടി കൊച്ചി പൊലീസ് ഡൽഹിയിൽ നടത്തിയത് സാഹസികനീക്കം. പ്രതികൾക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമായതിനാൽ, ദരിയാഗഞ്ച് മേഖലയിൽ ഡൽഹി ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ അംഗങ്ങളുടെ സഹായത്തോടെയായിരുന്നു കേരള പൊലീസിന്റെ തിരച്ചിൽ. മുംബൈയിലെ മീരാ റോഡ് ഈസ്റ്റ് ശാന്തി പാർക്കിൽനിന്നാണ് മറ്റൊരു സംഘത്തെ പിടികൂടിയത്. ഡൽഹി സംഘത്തിൽ നിന്ന് 20 ഫോണുകളും മുംബൈ സംഘത്തിൽ നിന്ന് 3 ഫോണുകളും പിടിച്ചെടുത്തു. ഇതിൽ 15 എണ്ണം ഐ ഫോണുകളാണ്.
.
ഡൽഹി മോഷണ സംഘത്തിന്റെ തലവനും കൊടുംകുറ്റവാളിയുമായ ദരിയാഗഞ്ചിലെ അതിഖ് ഉർ റഹ്മാന്റെ വീട്ടിൽനിന്നാണ് 20 മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. കുട്ടികളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈലെന്ന് പൊലീസ് പറയുന്നു. അതിഖ് ഉർ റഹ്മാൻ വധശ്രമം, മോഷണം അടക്കം പത്തിലേറെ കേസുകളിൽ പ്രതിയാണ്.
പൊലീസ് പിടിയിലാകുന്നത് 7 വർഷത്തിനു ശേഷമാണ്. കവർച്ചയ്ക്ക് പ്രതിഫലം പണവും ലഹരി മരുന്നുമാണെന്ന് പൊലീസ് പറയുന്നു. അതിഖ് ഉർ റഹ്മാന്റെ കൂട്ടാളി വസീം അഹമ്മദിനെയും പിടികൂടി. മുംബൈയിൽ നിന്നു സണ്ണി ഭോല യാദവ് (27), ഉത്തർപ്രദേശ് റാംപുർ സ്വദേശി ശ്യാം ബരൻവാൾ (32) എന്നിവരെയാണു പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യും.
.
സംഗീത നിശയിലെ വിഡിയോകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചശേഷം ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അന്വേഷണം നടത്തിയത്. മൊബൈൽ ഫോൺ മോഷണത്തിന് കൂടുതൽ ഡൽഹി സംഘങ്ങൾ എത്തിയെന്നാണ് പൊലീസിന്റെ സംശയം. സംഘത്തിലെ അംഗങ്ങൾ മോഷണത്തിനിടെ പരസ്പരം ആശയവിനിമയം നടത്താറില്ല.
.
ഈ മാസം ആറിനായിരുന്നു സംഗീത പരിപാടി. ഡൽഹി സംഘത്തിലെ 4 പേരും 6ന് രാവിലെ ട്രെയിൻ മാർഗം കൊച്ചിയിലെത്തി ലോഡ്ജിൽ താമസിച്ച ശേഷമാണ് ഷോയ്ക്ക് എത്തിയത്. മോഷണ ശേഷം ലോഡ്ജിൽ തിരിച്ചെത്തി. പിറ്റേന്നു രാവിലെ തന്നെ ട്രെയിൻ മാർഗം മടങ്ങി. ഡൽഹിയിലെത്തിയ ശേഷം ഫോണുകൾ വിൽക്കുന്നതിന് സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
.
മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ ചാന്ദ്നി ചൗക്കിലെ ചോർ ബാസാറിലുള്ള ചില വ്യാപാരികൾക്കാണു നൽകുക. കൊച്ചിയിലെ മോഷണത്തിനു ശേഷം മുംബൈ സംഘം പുണെയിൽ 18ന് നടന്ന അലൻവോക്കർ ഷോയിലും മോഷണം നടത്തിയതിനുള്ള തെളിവുകളും ലഭിച്ചു. തുടർന്നു വിമാനത്തിലാണു പുണെയിൽ നിന്നു മുംബൈയിലേക്കു പോയത്.
.