ചാനലിന് നൽകിയ അഭിമുഖത്തിൽ എല്ലാം കൈവിട്ട് ഗംഗാധരൻ; നവീൻ ബാബു കേസിൽ ദിവ്യയുടെ വാദം തള്ളി, കൂടുതൽ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരണം, ക്യാമറയും മൈക്കും തള്ളിമാറ്റി ചീത്തവിളി – വീഡിയോ
കണ്ണൂര്‍: നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് റിട്ട. അധ്യാപകന് ഗംഗാധരന്. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം. ഇതു സംബന്ധിച്ച് ഗംഗാധരന് പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ട്. എന്നാൽ നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടില്ലെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും ഗംഗാധരന് വ്യക്തമാക്കി. നവീനെതിരെയുള്ള പരാതി നേരത്തെ തന്നെ കണ്ണൂരിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
എന്നാല്‍ കൈക്കൂലി നല്കിയിട്ടില്ലെങ്കില് വിജിലന്‍സില്‍ പരാതി നല്‍കിയതെന്തിനാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. മാത്രവുമല്ല, ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ഗംഗാധരന് പ്രതികരിച്ചത്. നവീന്‍ ബാബു കൃത്യവിലോപം നടത്തിയെന്നും ഗംഗാധരന് ആരോപിച്ചു. ഇവിടെ നടന്ന കൃത്യവിലോപമെന്താണെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കയര്‍ക്കുകയായിരുന്നു ഗംഗാധരന്. ഫെബ്രുവരിയില്‍ നവീന്‍ ബാബു വന്നയുടനേ എങ്ങനെയാണ് ഗൂഡാലോചന നടത്തുകയെന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. ഒടുവില്‍ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറേയും ചാനലിനേയും കുറ്റപ്പെടുത്തി ക്ഷുഭിതനായി പകുതിയില്‍ വെച്ച് പ്രതികരണം നിര്‍ത്തുകയായിരുന്നു. മാധ്യമ പ്രവർത്തകൻ്റെ പേരെടുത്ത് പറഞ്ഞ് അയാളോട് പോകാൻ പറ എന്നും പറഞ്ഞു.
.
.
.
‘2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറുപേജുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധമായി നീതികാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളൂ’- ഗംഗാധരന് പറഞ്ഞു.
.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ഒക്ടോബര്‍ പതിനഞ്ചിന് രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്കാന് എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
.