മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനക്ക് സമ്മതിച്ചില്ല
തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്.
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോൾ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സിഗ്നൽ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചു എങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു.
മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. ബൈക്ക് യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.