വീണ വിജയനെ ചോദ്യം ചെയ്ത സംഭവം: ‘ഒത്തുതീർപ്പ് നടന്നെന്ന് പറഞ്ഞവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് മന്ത്രി റിയാസ്, അതും ഒത്തുകളിയെന്ന് വി.ഡി സതീശന്‍

കോഴിക്കോട്: എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘‘ ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല’’– മുഹമ്മദ് റിയാസ് പറഞ്ഞു.
.
ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീർപ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിനുവേണ്ടി ചില ഒത്തുതീർപ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബിജെപിയും ആർഎസ്എസുമായി ഒത്തുതീർപ്പ് നടത്തുന്നു എന്ന് പ്രചരിപ്പിച്ചു. ആ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്? ഇതെല്ലാം സ്വാഭാവികമായി ജനം ചിന്തിക്കും. കേസിന്റെ രാഷ്ട്രീയ വശങ്ങളെല്ലാം നേരത്തെ പറ‍ഞ്ഞതാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ അജൻഡ ഉണ്ടെന്നത് നേരത്തെ ചർച്ച ചെയ്തതാണ്. വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
.
എന്നാൽ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം ബിജെപി ഒത്തുകളി തുടരുകയാണ്. ഇപ്പോള്‍ നടക്കുന്നത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
.

പല കേസുകളിലും ഇതുവരെ ഉണ്ടായിരിക്കുന്നതെല്ലാം വെറും പ്രഹസനമാണ്. ഈ കേസിലും അത് ആവര്‍ത്തിക്കും. കരുവന്നൂര്‍ കേസിലടക്കം ഇതാണ് സംഭവിച്ചത്. പലരേയും വിളിച്ചുവരുത്തും, ഇപ്പോള്‍ അറസ്റ്റ് ചെയ്യും എന്നൊക്കെ തോന്നും. എന്നിട്ട് എന്തായി ഇപ്പോള്‍? കരുവന്നൂര്‍ കേസിലും സുരേന്ദ്രന്റെ രണ്ട് കേസിലുമെല്ലാം ചെയ്തത് ഈ കേസിലും ആവര്‍ത്തിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്ന ഒരു ഷോ മാത്രമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ)മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ഈ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍.
.

Share
error: Content is protected !!