ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ടു, വീണത് 15 അടി താഴ്ചയുള്ള കിണറിൽ; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു– വീഡിയോ

കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാർ കിണറ്റിലേക്കു വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു.
.
അതേസമയം യാത്രികരെ കിണറ്റിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ദമ്പതികളും ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം.അനിൽ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ചത്. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രികർ പറയുന്നു.
.
തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് ഉള്ളിലേക്ക് വീണു. കിണറിൽ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. വണ്ടിയിലേയ്ക്ക് വെള്ളം കയറിത്തുടങ്ങിയപ്പോഴാണ് കാർ കിണറ്റിലാണ് വീണതെന്ന കാര്യം മനസ്സിലായതെന്ന് പാങ്കോട് അപകടത്തിൽപ്പെട്ട കാർത്തിക് പറഞ്ഞു. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ലെന്നും ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും കാർത്തിക് പറഞ്ഞു. നല്ല മഴയായിരുന്നു. പാങ്കോട് ജങ്ഷൻ എത്തുന്നതിന് മുൻപ് ചപ്പാത്ത് ഉണ്ടായിരുന്നു. അവിടെ എന്തോ പണി നടക്കുകയായിരുന്നു. അത്രയും വലിയൊരു കുഴി പ്രതീക്ഷിച്ചില്ല. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല. കാറിൻ്റെ മുൻവശം പൊങ്ങി. അപ്പോഴത്തെ അവസ്ഥയിൽ എന്താണ് ചെയ്തതെന്ന് അറിയില്ല.

കിണറിൻ്റെ മതിലിൽ ഇടിച്ച് തകർത്ത് വീഴുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. എങ്ങോട്ടോ താഴ്ചയിലോട്ട് ഇറങ്ങുകയാണെന്ന് തോന്നി. പതുക്കെ താഴോട്ട് പോയപ്പോൾ പേടിച്ചു. വണ്ടിയിലേയ്ക്ക് വെള്ളം കയറിയപ്പോഴാണ് കിണർ ആണെന്ന് മനസ്സിലായത്. പെട്ടെന്ന് ഡോർ തുറന്ന് ഞാനും ഭാര്യയും കിട്ടിയത് എടുത്ത് മുകളിലേയ്ക്ക് കയറി. അപ്പോൾത്തന്നെ നാട്ടുകാർ കൂടിയിരുന്നു. ഏണിയും കയറും അവർ ഇട്ടുതന്നു. സഹായവും ഭാ​ഗ്യവും കൊണ്ടാണ് രക്ഷപ്പെട്ടത്.

ഇറങ്ങുന്ന സമയത്ത് കാൽമുട്ട് വരെ വെള്ളം കയറി. സീറ്റിൽ ചവിട്ടി കയറിനിൽക്കുകയായിരുന്നു. ഡോർ ജാം ആവാതിരുന്നത് ഭാ​ഗ്യം. പത്തുമിനിറ്റോളം കാറിൽ കുടുങ്ങി കിടന്നു’, കാർത്തിക് പറഞ്ഞു.

അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു.

.

Share
error: Content is protected !!