സ്വകാര്യ സ്ഥാപനങ്ങളിൽ വേതനം മുടങ്ങുന്ന വിദേശ തൊഴിലാളികൾക്ക് 17500 റിയാൽ വരെ നഷ്ടപരിഹാരം; സൗദിയിൽ പുതിയ ഇൻഷൂറൻസ് പദ്ധതി
റിയാദ്: സൗദിയിൽ വേതനം ലഭിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് പരമാവധി 17500 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പ്രഖ്യാപിച്ച സൗദിയിലെ പുതിയ ഇൻഷൂറൻസ് പദ്ധതിയിലെ വിശദാംശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. സ്ഥാപനം പൂട്ടിയതോടെ കുടുങ്ങിയവർക്കും ആറ് മാസത്തിലേറെ ശമ്പളം മുടങ്ങിയവർക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക.
.
വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് പുതിയ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതുപ്രകാരം ഒരു തൊഴിലാളിക്ക് പരമാവധി ലഭിക്കുന്ന നഷ്ടപരിഹാരം 17,500 റിയാലായിരിക്കും. എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ ഇത്ര തുക മാത്രമേ ഇൻഷൂറൻസിൽ അനുവദിക്കൂ. സ്ഥാപനം പൂട്ടിപ്പോയാലോ ആറു മാസത്തോളം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത വിധം നഷ്ടത്തിലായാലോ ഇൻഷൂറൻസ് ലഭ്യമാകും. സ്ഥാപനത്തിലെ 80 ശതമാനം ജീവനക്കാർക്കും ശമ്പളം ആറു മാസം മുടങ്ങുന്ന സാഹചര്യത്തിൽ മാത്രമേ ഇൻഷൂറൻസ് ലഭ്യമാകൂ.
.
നഷ്ടപരിഹാരം ലഭിക്കാൻ വിദേശ തൊഴിലാളി സൗദി അറേബ്യ വിടണമെന്ന് വ്യവസ്ഥയില്ല. മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റിയാലും ഇത് ലഭിക്കും. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളിക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റിന് ആയിരം റിയാലിൽ കവിയാത്ത തുകയുമുണ്ടാകും. ഇതിന് ഫൈനൽ എക്‌സിറ്റ് രേഖകൾ സമർപ്പിക്കണം. താൽക്കാലിക ജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, സ്‌പോർട്‌സ് ക്ലബ്ബിലുള്ളവർ, സ്ഥാപന ഉടമയുടെ കുടുംബാഗംങ്ങൾ എന്നിവർക്ക് ഇത് ലഭിക്കില്ല. തൊഴിലാളികൾ ഇൻഷൂറൻസിന് അപേക്ഷ നൽകിയാലും ഇതിനെതിരെ തൊഴിലുടമക്ക് അപ്പീൽ നൽകാം. എന്നാൽ എപ്പോൾ തുക നൽകുമെന്ന കാര്യം ബോധ്യപ്പെടുത്തേണ്ടി വരും. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി.