മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ഇനിയൊരു പ്രതിബദ്ധതയുമില്ല, സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹം; ചില കാര്യങ്ങൾ വെളിപ്പെടുത്തും – കെ.ടി ജലീല്‍
മലപ്പുറം: പി.വിഅൻവറിനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീൽ എംഎൽഎ. പാർലമെന്ററി പ്രവർത്തനം അവസാനിക്കുന്നു എന്ന് താൻ വ്യക്തമാക്കിയതാണെന്നും അതുകൊണ്ട് എനിക്കിനി ഒരു പാർട്ടിയോടും പ്രതിബദ്ധത ആവശ്യമില്ലെന്നും ജലീൽ പറഞ്ഞു. കൂടുതൽ കാര്യങ്ങളും വെളിപ്പെടുത്തലുകളും വൈകിട്ട് 4.30ന് ഉണ്ടാകുമെന്നും ജലീൽ വ്യക്തമാക്കി.
.
‘‘പാർലമെന്ററി പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാൽ ഇനി എനിക്ക് താല്പര്യങ്ങളൊന്നുമില്ലെന്നാണ്. ജീവിതത്തിൽ ഇനി ഒരു ബോർഡ് ചെയർമാൻ ആകണമെന്ന് പോലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആരോടും ബാധ്യതയും കടപ്പാടും തോന്നേണ്ടതില്ല. പാര്‍ട്ടിയോട് മാത്രമല്ല, എനിക്ക് ഒരാളോടും പ്രതിബദ്ധതയില്ല. മീഡിയവണിനോടും ജമാഅത്തെ ഇസ്‍ലാമിയോടും മറ്റൊരു മതസംഘടനയോടും എനിക്ക് പ്രതിബദ്ധതയില്ല. അതുപോലെ സിപിഎമ്മിനോടും എനിക്ക് പ്രതിബദ്ധതയില്ല. സിപിഎം സഹയാത്രികനായി തുടരാനാണ് എന്‍റെ ആഗ്രഹം. പാര്‍ട്ടി എന്നോട് ആവശ്യപ്പെടുന്നതുവരെ എന്‍റെ സേവനം തുടരും. ആര്‍ക്കും എന്‍റെ സേവനം നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയോടോ, സിപിഎമ്മിനോടോ ലീഗിനോടോ കോൺഗ്രസിനോടോ ബിജെപിയോടോ എനിക്ക് കടപ്പാടുണ്ടാകേണ്ടതില്ല. അതുകൊണ്ട് എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്. അതാണ് വൈകിട്ട് വെളിപ്പെടുത്താൻ പോകുന്നതും. പി.വി.അൻവറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. എന്നാൽ ചില അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പുമുണ്ട്.
.
എനിക്ക് ആരോടും പ്രതിബദ്ധതയില്ല. നമ്മൾ ഒരാളെ ന്യായീകരിക്കുന്നത് അയാളിൽനിന്ന് എന്തെങ്കിലും കിട്ടാനുണ്ടെങ്കിലാണ്. അതൊന്നും എനിക്കില്ല. സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹം. പാർട്ടി പറയുന്നതു വരെ ആ സേവനം തുടരുമെന്നും കെ.ടി.ജലീൽ പറഞ്ഞു.
.