പല തവണ ഉന്നമിട്ടു, മകനെയും കൊന്നു; ഒടുവിൽ ലക്ഷ്യം കണ്ട് ഇസ്രയേൽ; ആരായിരുന്നു ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല?
ജറുസലം: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ തലവൻ സയ്യിദ് ഹസൻ നസ്റുല്ല ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്. ഇസ്രയേൽ കഴിഞ്ഞ ദിവസം തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേൽ അറിയിച്ചു. മരണവിവരം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടതായി ഇസ്രായേലി സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു.
.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇന്നലെ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്.
.
മധ്യപൂർവദേശത്ത് വലിയ സ്വാധീനമുള്ള നേതാവായിരുന്നു നസ്റല്ല. ഇസ്രയേലിനോട് പോരാടാൻ ഇറാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി നസ്റല്ല പങ്കെടുത്തിരുന്നില്ല.
.
പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരുന്നു നസ്റല്ല. ലെബനീസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ നസ്റല്ലയാണ് ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത്. 1960ൽ ബെയ്റൂട്ടിലാണ് ജനനം. ഒൻപത് മക്കളിൽ മൂത്തവന്.
.
1975ൽ ഷിയ ഗ്രൂപ്പുകളുടെ അമൽ മൂവ്മെന്റിന്റെ ഭാഗമായി. മതപഠനത്തിനുശേഷം ലബനനിൽ തിരിച്ചെത്തി വീണ്ടും അമൽ മൂവ്മെന്റിന്റെ ഭാഗമായി. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചപ്പോൾ ഗ്രൂപ്പിൽനിന്നും വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല സംഘടന ഉദയം ചെയ്തപ്പോൾ ഇതിന്റെ ഭാഗമായി. ഹിസ്ബുല്ലയുടെ നേതൃനിരയിലേക്ക് ഉയർന്നു. ഹിസ്ബുല്ല മേധാവി അബ്ബാസ് അൽ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32–ാം വയസിൽ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി.