‘പരാതി നൽകാനെത്തിയപ്പോൾ തനിച്ചു വരണമെന്ന് സുജിത് ദാസ് പറഞ്ഞു, ജൂസ് തന്നു, 2 തവണ ബലാത്സംഗം ചെയ്തു’: പൊലീസുകാർക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ
മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.
.
എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. എന്നാൽ പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാൽ താൻ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു. രണ്ടു വർഷം മുമ്പാണ് സംഭവമെന്നും വീട്ടമ്മ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
.
പരാതിയുമായി രണ്ടു തവണ സുജിത് ദാസിനെ കണ്ടു. പിന്നീട് കുട്ടിയില്ലാതെ തനിച്ചുവരാൻ എസ്പി ആവശ്യപ്പെട്ടു. കോട്ടക്കലിലേക്ക് വരാനും ആവശ്യപ്പെട്ടു. മറ്റൊരു നമ്പറിൽ നിന്നാണ് വിളിച്ചത്. എസ്പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോവുകയും അവിടെ എസ്പി ഉണ്ടായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോൾ വിളിക്കുമായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോൾ ഇരുവരും മദ്യപിക്കുകയായിരുന്നു. തനിക്ക് ജ്യൂസ് തന്നെന്നും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.
.
അതേസമയം വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും. 2022ൽ തന്‍റെ എസ്‍പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്.
.
ഒരു എസ്‍എച്ച് ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബ പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.
.
ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.
.