എയർപോർട്ട് കുടിശ്ശിക അടച്ചില്ല; സപൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിച്ചില്ല, വിമാനം ഇന്ത്യയിലേക്ക് പറന്നത് യാത്രക്കാരില്ലാതെ
ദുബായ്: എയർപോർട്ടിലേക്ക് അടക്കാനുള്ളകുടിശ്ശിക അടക്കാത്തതിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിൽ നിന്നും യുഎഇ അധികർതർ തടഞ്ഞു. കുടിശ്ശിക അടക്കാതെ യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാനാവില്ലെന്ന് അധികൃതർ സ്പൈസ് ജെറ്റിനെ അറിയിച്ചു. ഇതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ കയറ്റാതെയാണ് സ്പൈസ്ജെറ്റ് വിമാനം ഇന്ത്യയിലേക്ക് തിരിച്ച് പറന്നത്. സൌദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കുളള യാത്രക്ക് പ്രവാസികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് സ്പൈസ് ജെറ്റ് സർവീസുകൾ.
.
സമാനമായ സംഭവം ആഗസ്റ്റ് രണ്ടിനും സ്പൈസ് ജെറ്റ് നേരിട്ടിരുന്നു. അതിന് പിറകെയാണ് വീണ്ടും വിമാനത്താവള അധികൃതരിൽ നിന്നും നടപടി നേരിട്ടത്. എന്നാൽ ഇത് മൂലം യാത്രബുദ്ധിമുട്ട് നേരിട്ടവർക്ക് പകരം മറ്റു വിമാനങ്ങളിൽ യാത്ര തരപ്പെടുത്തുകയോ പണം തിരിച്ച് നൽകുകയോ ചെയ്തിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇന്ത്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും ഇത് വാർത്തയാക്കി. അറബ് മാധ്യമങ്ങളിലും സ്പൈസ് ജെറ്റ് ദുബായിയിൽ നേരിട്ട നടപടി വാർത്തയായിട്ടുണ്ട്.
.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സ്പൈസ് ജെറ്റ്. സാങ്കേതിക തകരാറുകളും മറ്റുംമൂലം പല സെക്ടറുകളിലും യാത്ര റദ്ധാക്കുന്നതും തുടർകഥയാണ്. സ്‌പൈസ്‌ജെറ്റിൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമയാന മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സ്പൈസ്ജെറ്റിന് വിമാനങ്ങൾ വാടകക്ക് കൊടുക്കുന്ന ചില കമ്പനികളും കുടിശ്ശിക അടക്കാത്തതിൻ്റെ പേരിൽ സ്പൈസ് ജെറ്റിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. കൂടാതെ സ്പൈസ് ജെറ്റിൻ്റെ രജിസ്ട്രേഷൻ റദ്ധാക്കണമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സാമ്പത്തിക പ്രശ്നം കാരണം ഈ മാസം ആദ്യം മുംബൈ എയർപോർട്ടും സപൈസ്ജെറ്റിന് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് ഒത്തുതീർപ്പാക്കിയതായും തടസ്സം നീക്കിയതായും കമ്പനി എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിക്കുകയായിരുന്നു.
ബജറ്റ് കാരിയർ സ്‌പൈസ് ജെറ്റ് ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 2024 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 20% ഇടിഞ്ഞ് 158 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 198 കോടി രൂപയായിരുന്നു. റിപ്പോർട്ടിംഗ് കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 2,003 കോടി രൂപയിൽ നിന്ന് 15% കുറഞ്ഞ് 1,708 കോടി രൂപയായി.
.