സൗദി പൗരനെ തലക്കടിച്ച് കൊല്ലപെടുത്തി വാട്ടർടാങ്കിൽ തള്ളിയ കേസ്; മലയാളിക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്ക് വധശിക്ഷ നടപ്പാക്കി. പാലക്കാട് സ്വദേശി ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാനെ (63) ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  സൗദി പൗരനായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെ കൊലപ്പെടുത്തിയ ശേഷം വാട്ടർടാങ്കിൽ ഉപേക്ഷിച്ച കേസിലാണ് വധശിക്ഷ. പ്രതി നിരവധി തവണ സൗദി പൗരനെ തലക്കടിക്കുകയും ഇതിനെ തുടർന്ന് സ്വദേശി മരിക്കുകയുമായിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു. (ചിത്രത്തിൽ കൊല്ലപ്പെട്ട സൗദി പൗരൻ)
.
റിയാദിലെ അൽ റൌദയിൽ മൂന്ന് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.  സ്വദേശിയായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിൻ്റെ വീട്ടിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു പാലക്കാട് സ്വദേശി അബ്ദുൽ ഖാദർ. വീട്ടിലെ മറ്റു കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്തായിരുന്നു സംഭവം. സംഭവ ദിവസം കൊല്ലപ്പെട്ട സൌദി പൌരന്റെ ഭാര്യയും മക്കളും പുറത്ത് പോയി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സൗദി പൗരനെ കാണുന്നുണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയനിലയിലായിരുന്നു. തുടർന്ന് പ്രതിയായ ഡ്രൈവറോട് വിവരമന്വേഷിച്ചെങ്കിലും, അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
.
പൊലീസ് വിശദമായ അന്വേഷണം നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുറത്ത് പോയ സൗദി പൗരൻ കാറിൽ വീട്ടിൽ തിരിച്ചെത്തിയതായി കണ്ടെത്തി. എന്നാൽ ഇയാൾ കാറിൽ നിന്ന് പുറത്തിറങ്ങിയതായി ദൃശ്യങ്ങളിലില്ല. എന്നാൽ പിന്നീട് പ്രതിയായ ഡ്രൈവർ കാറുമായി പുറത്ത് പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. അൽപ സമയത്തിന് ശേഷം ഇയാൾ കാൽനടയായി വീട്ടിൽ തിരിച്ചെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
.

ഇതിൽ സംശയം തോന്നിയ പോലീസ് അബ്ദുൽ ഖാദറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം അടിപിടിയിൽ കലാശിച്ചെന്നും, തന്നിൽ നിന്നും തലക്കേറ്റ അടിമൂലം സ്പോൺസർ തൽക്ഷണം കൊല്ലപ്പെട്ടെന്നും പ്രതി സമ്മതിച്ചു. കൂടാതെ കൂറ്റകൃത്യം പുറത്തറിയാതിരിക്കാനായി മൃതദേഹം വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളി ടാങ്കിന്റെ മൂടി അടക്കുകയും ചെയ്തു. ശേഷം സ്പോൺസറുടെ കാർ വീട്ടിൽ നിന്ന് ദൂരെ കൊണ്ടുപോയി പാർക്ക് ചെയ്തതായും മൊബൈൽ ഫോണും മറ്റു വസ്തുക്കളും കാറിൽ ഉപേക്ഷിച്ചു. തുടർന്ന് അത്താഴം കഴിക്കാൻ താൻ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ഡ്രൈവർ ഏറ്റുപറഞ്ഞു.
.
പത്ത് വർഷത്തോളമായി ഇയാൾ നാട്ടിലേക്ക് പോയിരുന്നില്ല. എട്ടു വർഷമായി ഈ വീട്ടിൽ തന്നെയാണ്  ജോലി ചെയ്തിരുന്നത്. പ്രതിയുടെ വധശിക്ഷ റദ്ദാക്കാനായി ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും നിരവധി ഇടപെടലുകൾ നടത്തിയിരുന്നു.
.

Share
error: Content is protected !!