ഹജ്ജിനിടെ കാണാതായി മരിച്ച മരിച്ച മലയാളി ഹാജിയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവെ മകനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മകൻ മരിച്ചു
ത്വായിഫ്: ഹജ്ജ് കർമത്തിനിടെ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെ മകനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മകൻ റിയാസ് മരിച്ചു. കൂടെയുള്ള ഭാര്യക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. മക്കയിൽ നിന്നി് കുവൈത്തിലേക്കുള്ള യാത്ര മാധ്യേ ഏകദേശം 300 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. (ചിത്രത്തിൽ മരിച്ച മുഹമ്മദ് മാസ്റ്ററും മകൻ റിയാസും.
.
പിതാവിൻ്റെ മൃതദേഹം കണ്ടെത്തിയതായുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് കുടുംബ സമേതം മക്കിയിലെത്തിയാതായിരുന്നു മകൻ റിയാസും സഹോദരൻ സൽമാനും, ചടങ്ങുകൾക്ക് ശേഷം ഇന്ന് പുലർച്ചെയാണ് റിയാസും കുടുംബവും കുവൈത്തിലേക്ക് പുറപ്പെട്ടത്. ഈ മടക്കായാത്രയിലാണ് അപകടം. അനിയൻ സൽമാനും കുടുംബവും ഇന്ന് തിരിച്ച് പോയിരുന്നില്ല. അവർ മക്കയിൽതന്നെ തുടരുന്നതിനിടെയാണ് റിയാസിൻ്റെ ദുരന്ത വാർത്ത എത്തുന്നത്.
.
കഴിഞ്ഞ ജൂൺ 22 നാണ് ഹജ്ജ് കർമത്തിനിടെ മിനയിൽ നിന്നും മുഹമ്മദ് മാസ്റ്ററെ കാണാതാകുന്നത്. ഭാര്യയുടെ കൂടെ ഹജ്ജ് കമ്മറ്റി വഴി ഹജിനെത്തിയതായിരുന്നു അദ്ദേഹം. ഏറെ ദിവസങ്ങൾ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെ കൂടെ ഹജ്ജിനെത്തിയ ഭാര്യ നാട്ടിലേക്ക് മടങ്ങി. അതിനിടെ കഴിഞ്ഞ ഒന്നാം തിയതിയാണ് മുഹമ്മദ് മാസ്റ്റർ മരിച്ചതായുള്ള വിവരം മക്ക പൊലീസ് ഇന്ത്യൻ എംബസിയെ അറിയിക്കുന്നത്. വിവരമറിഞ്ഞ് കുവൈത്തിൽ നിന്നും കുടുംബ സമേതം എത്തിയതായിരുന്നു മകൻ സൽമാനും സഹോദരൻ റിയാസും.
.
കുടുംബത്തിൻ്റെ ആഗ്രഹപ്രകാരം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽതന്നെ മുഹമ്മദ് മാസ്റ്ററെ ഖബറടക്കി. ഇന്നലെ (ബുധനാഴ്ച) മഗ്രിബ് നമസ്കാരാനന്തരമായിരുന്നു ഖബറടക്കം. ചടങ്ങുകൾക്ക് ശേഷം റോഡ് മാർഗ്ഗം കുവൈത്തിലേക്ക് മടങ്ങുകയായിരുന്നു റിയാസും കുടുംബവും. ത്വായിഫിൽ നിന്ന് ഏകദേശം 300 കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് വീണ്ടും ദുരന്തം പിടികൂടിയത്. റിയാസും കുടുംബവം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് റിയാസും മരിച്ചു.
.
പിതാവിനെ കാണാതായതുമുതൽ കൂടെനിൽക്കുകയും തെരച്ചിലിന് നേതൃത്വം നൽകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു റിയാസ് മക്കയിൽ നിന്നും മടങ്ങിയത്. മുഹമ്മദ് മാസറ്ററെ കാണാതായതും, തുടർന്ന് വന്ന മരണ വാർത്തയും പ്രവാസികളെയും കുടുംബത്തേയും നാട്ടുകാരെയും ഏറെ വിഷമിപ്പിച്ചിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ മകൻ റിയാസും അപകടത്തിൽ മരിച്ചതായുള്ള വാർത്ത പുറത്ത് വരുന്നത്.
.
മക്കയിൽ വെച്ച് മുഹമ്മദ് മാസറ്ററെ കാണാതായത് മുതൽ ദുഃഖസാന്ദ്രമാണ് വാഴയൂരിലെ മണ്ണിൽകടവത്ത് വീടും നാട്ടുകാരും. ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റും സാമൂഹിക പ്രവർത്തകരും അഹോരാത്രം തിരഞ്ഞ് അലഞ്ഞു. പല ആശുപത്രികളിലും അന്വേഷിച്ചെത്തി. ഒടുവിൽ ഒരുമിച്ച് വന്ന ഭർത്താവില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഭാര്യയെ സമാധാനിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല ആർക്കും. വൈകിയെങ്കിലും മരിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ കണ്ടെത്തിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു കുടുംബം.
.
വിവരമറിഞ്ഞ ഉടൻ കുവൈത്തിലുള്ള മക്കളായ റിയാസും സൽമാനും കുടംബ സമേതം മക്കയിലേക്ക് പുറപ്പെട്ടു. മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഖബറടക്ക ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് കുടുംബത്തിൻ്റെ ആഗ്രഹം കോണ്സുലേറ്റിനെ അറിയിക്കുന്നത്. പിതാവിനെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കണം. കുടുംബത്തിന്റെ അപേക്ഷ ഇന്ത്യൻ എംബസി മക്ക ഗവർണറേറ്റിന് സമർപ്പിച്ചു. ഗവർണറേറ്റിൻ്റെ പ്രത്യേക അനുമതിയോടെയായിരുന്നു മുഹമ്മദ് മാസ്റ്ററെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്. എല്ലാ കർമ്മങ്ങളും പൂർത്തിയാക്കിയപ്പോഴാണ് വീണ്ടും ദുരന്തം ആ വീടിനെ തന്നെ തേടിയെത്തിയത്. റിയാസിൻ്റെ മരണവാർത്ത അറിഞ്ഞ് ഞെട്ടലലിലാണ് പ്രവാസി സമൂഹം.
.



