സൗദിയിൽ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ; ഓവർടൈമിന് പകരം വേതനത്തോടെയുള്ള അവധിയും ലഭിക്കും, തൊഴിലാളിയെ പിരിച്ച് വിടാൻ 60 ദിവസം മുമ്പ് നോട്ടീസ് നൽകണം

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്തി. സ്വദേശികൾക്കും വിദേശികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ അനുയോജ്യമാകുംവിധമാണ് ഭേതഗതി വരുത്തിയത്. പരിഷ്കരിച്ച തൊഴിൽ നിയമങ്ങൾക്ക് മന്ത്രിസഭ ഇന്ന് (ചൊവ്വാഴ്ച) അംഗീകാരം നൽകി.
.
തൊഴിൽ വിപണി മെച്ചപ്പെടുത്തുക, തൊഴിൽ സ്ഥിരത വർദ്ധിപ്പിക്കുക, തൊഴിലുടമയുടേയും തൊഴിലാളിയുടേയും അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലാളികളുടെ പരിശീലന അവസരങ്ങൾ വർധിപ്പിക്കുക, പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഭേതഗതി.
.
തൊഴിലാളികൾ ജോലി അവസാനിപ്പിക്കൽ (തൊഴിൽ രാജിവെക്കൽ), തൊഴിലാളികളുടെ അവധി, തൊഴിൽ മേഖലയിലെ പരാതികൾ എന്നിവയുൾപ്പെടെ തൊഴിൽ നിയമത്തിലെ  നിരവധി ആർട്ടിക്കിളുകളുടെ ഭേദഗതിക്കാണ് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകിയത്.
.

പ്രധാന പരിഷ്കാരങ്ങൾ: 

1) തൊഴിലിലെ അനിശ്ചിതകാല കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളി, 30 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് നൽകണം.

2) തൊഴിലാളിയെ പിരിച്ചു വിടാൻ ആഗ്രഹിക്കുന്ന തൊഴിലുടമ 60 ദിവസം മുമ്പ് തൊഴിലാളിക്ക് നോട്ടീസ് നൽകേണ്ടതാണ്.

3) പുതിയതായി നിയമിക്കുന്ന തൊഴിലാളിയുടെ തൊഴിൽ കരാറിൽ പ്രൊബേഷനറി കാലയളവ് വ്യക്തമാക്കിയിരിക്കണം. ഇത് 180 ദിവസത്തിൽ കവിയാൻ പാടില്ല. 180 ദിവസം വരെ പ്രൊബേഷനറി കാലയളവായി നിശ്ചയിക്കാൻ തൊഴിലുടമക്ക് അനുവാദമുണ്ട്. ഈ കാലയളവിൽ തൊഴിലാളിക്കോ, തൊഴിലുടമക്കോ കരാർ അവസാനിപ്പിക്കാൻ അവകാശമുണ്ടായിരിക്കും.

4) തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ തൊഴിലാളിക്ക് 3 ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണം.

5) പരിശീലന കരാറിൽ ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കേണ്ടതാണ്.

6) സ്ത്രീകളായ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ചയായി വർദ്ധിപ്പിക്കും.

7) ഓവർടൈം ജോലി ചെയ്യുന്ന തൊഴിലാളിക്ക് നൽകേണ്ട അതിക വേതനത്തിന് പകരം ശമ്പളത്തോടുകൂടിയ അവധി നേടാൻ സമ്മതിക്കാനുള്ള സാധ്യത കരാറിൽ ഉൾപ്പെടുത്താം.

8) തൊഴിലാളികലുടെ തൊഴിൽ കരാർ കാലാവധി, വിദേശികളായ തൊഴിലാളികളുടെ തൊഴിൽ കരാർ പുതുക്കൽ തുടങ്ങിയവ കരാറിൽ വ്യക്തമാക്കണം.

9) തൊഴിലാളികളുടെ കഴിവുകൾ ഉയർത്തുന്നതിനും അവരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പരിശീലനത്തിനും യോഗ്യതക്കും വേണ്ടി തൊഴിലുടമ പ്രത്യേക പോളിസി രൂപീകരിക്കണം.

10) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തിന് ശേഷം പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരും.

ഒന്നിലധികം രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളുമായി താരതമ്മ്യം ചെയ്തും, ആഗോള തലത്തിൽ തന്നെയുള്ള മികച്ച തൊഴിൽ നിയമങ്ങളെ കുറിച്ചും വിശദമായി പഠിച്ച ശേഷമാണ് ഭേതഗതി വരുത്തിയതെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 1300 ലധികം വിദഗ്ധരുടെയും തൊഴിൽ കമ്മറ്റികൾ, സർക്കാർ ഏജൻസികൾ, തൊഴിൽ നിയമ വിദഗ്ധർ എന്നിവരുടേയും വിശദമായ പഠനത്തിന് ശേഷമാണ് ഭേതഗതി നടപ്പിലാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.

കുടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്…

 

Share
error: Content is protected !!