വയനാട്ടിൽ രക്ഷിക്കാനാകുന്നവരെയെല്ലാം രക്ഷിച്ചു, ഇനി ആരും ബാക്കിയില്ലെന്ന് മുഖ്യമന്ത്രി; അകമലയിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി. അവിടെ ഇനി ആരും ബാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂര്‍ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാൻ സാധിച്ചത് നല്ല ശ്രമത്തിന്റെ ഫലമായാണ്. ഈ ശ്രമം തുടരുമെന്നും വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
.
ഇത്രയും ദിവസം ശ്രദ്ധിച്ചത് ദുരന്തത്തിനിരയായി അവിടെ കഴിയുന്ന ആളുകളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായിരുന്നു. മികവാര്‍ന്ന പ്രവര്‍ത്തനമായിരുന്നു സൈന്യത്തിന്റേത്. രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിച്ചെടുത്തതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പട്ടാളമേധാവി അറിയിച്ചു. ഇനി അവിടെ ആരും ബാക്കിയില്ല. എന്നാൽ, കാണാതായ ഒട്ടേറെ ആളുകളുണ്ട്.
.

ഈ പ്രദേശത്തേക്ക് കടന്നുചെന്ന് അവിടെയുള്ള മണ്ണ് നീക്കംചെയ്ത് അടിയിൽകുടുങ്ങിയ ആളുകളെ കണ്ടെത്തുന്നതിൽ തടസ്സം നേരിട്ടിരുന്നു. ആവശ്യമായ യന്ത്രങ്ങൾ അവിടേക്ക് എത്തിക്കാൻ സാധിക്കാതെ പോയതായിരുന്നു പ്രശ്നം. എന്നാൽ, ഇപ്പോൾ ബെയ്ലി പാലം നിർമിച്ചതോടെ ഇക്കാര്യത്തിൽ വലിയ പുരോ​ഗതിയുണ്ടായി. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിട്ടുണ്ടെങ്കിൽ കണ്ടെത്താനാകും.
.
പുനരധിവാസമാണ് പ്രധാനം. എന്നാൽ, ഇപ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് രക്ഷാപ്രവര്‍ത്തനത്തിലായതിനാല്‍ തത്ക്കാലം ആളുകളെ ക്യാമ്പില്‍ താമസിപ്പിക്കാം. അവിടെ ജനങ്ങളെ സ്ഥിരമായി താമസിപ്പിക്കാനാവില്ല. നേരത്തെ, ഇത്തരം നടപടികള്‍ സ്വീകരിച്ചതിന്റെ അനുഭവപരിചയം നമുക്കുണ്ട്.
.
ക്യാമ്പുകൾ കുറച്ചുനാൾകൂടെ തുടരേണ്ടതായി വരും. വ്യത്യസ്ത കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് ക്യാമ്പുകൾ. അവിടെയുള്ള ഓരോ കുടുംബത്തിനും തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന വിധത്തിലാകണം അവയുടെ പ്രവർത്തനം. മാധ്യമപ്രവർത്തകരും സന്ദർശകരും ആളുകളുടെ സ്വകാര്യത മാനിച്ച് ക്യാമ്പിനകത്ത് പ്രവേശിക്കാൻ പാടില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
.
അതിനിടെ തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. മഴക്കാലമായതിനാൽ ഏതു നിമിഷവും ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറി താമസിക്കാൻ 41 കുടുംബങ്ങൾക്ക് നിർദേശം നൽകി.
.

 

Share
error: Content is protected !!