ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയെന്ന് അമിത് ഷാ; മുന്നറിയിപ്പ് ലഭിച്ചത് ദുരന്തത്തിന് ശേഷമെന്നും, ഇത് പഴിചാരേണ്ട സന്ദർഭമല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന് ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയില്‍ വെച്ചുകെട്ടരുതെന്നും ആവശ്യപ്പെട്ടു. ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇതന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
.
അമിത് ഷാ പറയുന്നതില്‍ ഒരുഭാഗം വസ്തുതയുമുണ്ട്. വസ്തുത അല്ലാത്തതുമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാകാലത്തും അതീവ ഗൗരവമായി എടുക്കാറുണ്ട്. പരസ്പരം പഴിചാരേണ്ട ഒരു സന്ദര്‍ഭമല്ല ഇത്. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രി ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം എന്താണ് ചെയ്തതെന്നും ചോദിക്കുകയുണ്ടായി. വസ്തുതകളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. 115 -നും 204 മി.മീറ്ററിനും ഇടയില്‍ മഴപെയ്യും എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, എത്ര മഴയാണ് പെയ്തത്? ആദ്യ 24 മണിക്കൂറിനുള്ളില്‍ 200 മി.മീറ്റര്‍ മഴ പെയ്തു. അടുത്ത 24 മണിക്കൂറില്‍ 372 മി.മീറ്ററാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മി.മീറ്റര്‍ മഴയാണ് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിനും എത്രയോ അധികമായിരുന്നു അത്. ദുരന്തമുണ്ടായിരുന്ന പ്രദേശത്ത് അപകടമുണ്ടാകുന്നതുവരെ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായതിന് ശേഷം രാവിലെ ആറ് മണിയോട് കൂടിയാണ് റെഡ് അലേര്‍ട്ട് നല്‍കുന്നത്.
.

ജൂലായ് 23 മുതല്‍ 28 വരെ കേന്ദ്ര കാലാവസ്ഥനിരീക്ഷണ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ ഒരു ദിവസംപോലും ഓറഞ്ച് അലേര്‍ട്ട് പോലും നല്‍കിയിട്ടില്ല. 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് നല്‍കിയ മുന്നറിയിപ്പിലാണ് വയനാട്ടില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയത്. ഉരുള്‍പൊട്ടിയതിന് ശേഷം രാവിലെ ആറ് മണിക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ മുന്നറിയിപ്പില്‍ 30-നും 31-നുമുള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
.
പ്രളയ മുന്നറിയിപ്പ് നല്‍കുന്ന കേന്ദ്ര ഏജന്‍സിയായ കേന്ദ്ര ജല കമ്മിഷന്‍റെ ജൂലായ് 23 മുതല്‍ 29 വരെ നല്‍കിയ ഒരു മുന്നറിയിപ്പിലും ഇരുവഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. പാര്‍ലമെന്റില്‍ അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായിട്ടുള്ള കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടത് പ്രകാരം മഴക്കാലം തുടങ്ങുമ്പോള്‍ത്തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. ഒമ്പത് സംഘത്തെയാണ് കേരളം ആവശ്യപ്പെട്ടത്. അതിലൊരു സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.
‘കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് കുറേ അപകടങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. ഇപ്പോള്‍ അപകടം നടന്ന പ്രദേശത്ത് ആരുംപ്രതീക്ഷിക്കാതെയുള്ള ദുരന്തമാണ് ഉണ്ടായത്. കാലവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വന്ന ചില മാറ്റങ്ങളുണ്ട്. അത് കേന്ദ്ര സര്‍ക്കാരും മനസ്സിലാക്കേണ്ടതുണ്ട്. അതിതീവ്രമഴയുടെ കണക്ക് എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്നതാണ്. ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ലെന്ന് പറഞ്ഞ് ആരുടെയെങ്കിലും പിടലിയിലേക്ക് ഇടുകയല്ല വേണ്ടത്. ആരേയും പഴിചാരേണ്ട ഘട്ടമല്ല ഇത്. ദുരന്തമുഖത്താണ് നമ്മളിപ്പോള്‍ ഉള്ളത്’, മുഖ്യമന്ത്രി പറഞ്ഞു.
.
ഉരുൾ‌പൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു രണ്ടു തവണ മുന്നറിയിപ്പു നൽകിയിരുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നത്. ഈ മാസം 23നും മുന്നറിയിപ്പ് നൽകി. ജൂലൈ 23ന് 9 എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണം. ഉരുൾപൊട്ടൽ മേഖലയിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സർക്കാർ എന്തു ചെയ്തു എന്നുമായിരുന്നു അമിത് ഷാ രാജ്യസഭയിൽ ചോദിച്ചിരുന്നത്.
.

Share
error: Content is protected !!