മരണം 202, കാണാതായത് 225 പേരെ, ഇല്ലാതായത് അഞ്ഞൂറിലധികം വീടുകള്‍, ഔദ്യോഗിക കണക്ക് പുറത്തുവിട്ട് റവന്യു വകുപ്പ്; മരണഭൂമിയായി മുണ്ടക്കൈ – വീഡിയോ

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 202 ആയി, ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇതിൽ 4 പുരുഷന്മാരും 6 സ്ത്രീകളും ഉൾപ്പെടും. 4 പേരുടെ ശരീരഭാഗങ്ങൾ മാത്രമാണുള്ളത്. ഒന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. മേഖലയിൽ തിരച്ചിൽ തുടരുകാണ്. ഉരുൾപൊട്ടലിൽ 225 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്.
.


.
അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായതെന്ന് മുണ്ടക്കൈ വാര്‍ഡംഗം കെ.ബാബു. എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന് പോലും കൃത്യമായൊരു കണക്ക് പറയാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരേക്കാള്‍ എത്രയോ മടങ്ങ് ജീവനുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബാബു പറഞ്ഞു.
.


.
മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കായി രാത്രിവൈകുവോളം രക്ഷാപ്രവര്‍ത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ തിരച്ചില്‍ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.
.


.
മുന്നറിയിപ്പ് കൊടുത്തതിനാല്‍ അപകടത്തിന്റെ തലേദിവസം രാവിലെ തഹസില്‍ദാര്‍, ഫയര്‍ഫോഴ്‌സ്, ജില്ലാ കളക്ടര്‍, എം.എല്‍.എ സിദ്ധിഖ് അടക്കമുള്ള സംഘം അവിടെയുണ്ടായിരുന്നു. കുറച്ച് പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. നെല്ലിമുണ്ട പ്രദേശത്ത് വെള്ളം കയറിയതറിഞ്ഞ് രാത്രി എട്ട് മണിയോട്കൂടി ഞങ്ങളെല്ലാം തിരികെപോന്നു. രാത്രി പന്ത്രണ്ട് മണിവരെ അവിടെയുള്ളവരെയും പൂത്തൂര്‍മലയിലുള്ളവരേയും പലയിടങ്ങളിലേക്കായി മാറ്റി. മുണ്ടക്കൈയിലെ വലിയഭീഷണിയില്ലാതിരുന്ന പ്രദേശങ്ങളിലുള്ളവരെ പിന്നീട് മാറ്റാമെന്നായിരുന്നു കരുതിയത്. പക്ഷേ, രാത്രി രണ്ട് മണിയോടുകൂടി എല്ലാം മാറിമറിഞ്ഞു. വിവരമറിഞ്ഞ് ഞങ്ങളെത്തിയപ്പോഴേക്കും ചൂരല്‍മലയാകെ മണ്ണിനടിയിലായി നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. ആ സമയത്തും ഉരുള്‍പൊട്ടുന്നുണ്ടായിരുന്നു.
.


.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് മേപ്പാടിയിലെത്തി. വയനാട് ദുരന്തം ലോക്‌സഭ വൈകിട്ട് ചര്‍ച്ച ചെയ്യും. കെ.സി.വേണുഗോപാലിന്‍റെ ശ്രദ്ധ ക്ഷണിക്കല്‍ 3 മണിക്ക്.
.


.
ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളെയും വ്യക്തികളെയും പുനരധിവസിപ്പിക്കുന്നതിനു മുസ്‍‍ലിം ലീഗ് പങ്കാളിത്തം വഹിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ സംവിധാനം ഉൾപ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം മുസ്‍ലിം ലീഗും പ്രത്യേക പാക്കേജ് നടപ്പിലാക്കും. വീടുകളുടെ പുനർ നിർമാണവും പുതിയ വീടുകളുടെ നിർമാണവും വിദ്യാഭ്യാസ, സാമ്പത്തിക സാഹയങ്ങളും പാക്കേജിന്റെ ഭാഗമായിരിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
.


.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. ക്യാമ്പുകളില്‍ പുറത്തു നിന്നെത്തുന്ന ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെ ഏത് സാധനത്തിന് കുറവുണ്ടെങ്കിലും പരിഹരിക്കാന്‍ പുറത്തു നിന്നുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.  സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സംവിധാനത്തിന് പുറമെയാണിത്. ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തയാറാണെന്ന് എം.എല്‍.എയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുമ്പോള്‍ ഫ്രീസറുകളുടെ കുറവുണ്ടായാല്‍ അതിന് പകരമായി ഫ്രീസറുകളുള്ള കണ്ടെയ്‌നുകള്‍ പുറത്ത് നിന്നും എത്തിച്ചു നല്‍കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു.
.

Share
error: Content is protected !!