കുറിയർ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തി യുവതിയെ വെടിവെച്ച സംഭവം: ഡോക്ടറായ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ വള്ളക്കടവ് പങ്കജ് എന്ന വീട്ടില്‍ ഷിനിയെന്ന യുവതിയെ ദീപ്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. കൊറിയര്‍ നല്‍കാനുണ്ട് എന്ന വ്യാജേനെ എത്തിയാണ് ഷിനിയെ ആക്രമിച്ചത്. കൊറിയർ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോൾ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈക്കാണ് വെടിയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ് ഷിനി.
.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ദീപ്തി ഉപയോഗിച്ചത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറായിരുന്നു. ആര്യനാട് സ്വദേശിനി ആഴ്ചകള്‍ക്ക് മുന്‍പ് വില്‍പ്പന നടത്തിയ മറ്റൊരു കാറിന്റെ നമ്പറാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. കൃത്യത്തിന് ശേഷം ഈഞ്ചയ്ക്കല്‍ വഴി ബൈപ്പാസിലെത്തി അവിടെനിന്ന് കഴക്കൂട്ടം ഭാഗത്തേക്കാണ് കാര്‍ പോയതെന്നും വ്യക്തമായി. ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണ് ഈ കാര്‍ തിരുവനന്തപുരം നഗരത്തിലേക്ക് വന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയിരുന്നു.
.

.
മൂന്നുതവണ അക്രമി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തെന്നും ഇതിലൊരുതവണ മുഖത്തിന് നേരേ വെടിയുതിര്‍ത്തത് തടഞ്ഞപ്പോഴാണ് ഷിനിക്ക് കൈപ്പത്തിയില്‍ വെടിയേറ്റതെന്നും ഷിനിയുടെ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.
.
ജീന്‍ഷും ഷര്‍ട്ടും ധരിച്ച് മുഖംമറച്ചെത്തിയ യുവതി വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ ഭര്‍തൃപിതാവാണ് വാതില്‍ തുറന്നത്. ”വാതില്‍തുറന്നയുടന്‍ ഷിനി ഇവിടെയുണ്ടോ എന്ന് ചോദിച്ചു. ഷിനിക്ക് ഒരു രജിസ്‌ട്രേഡ് കത്ത് ഉണ്ടെന്നും ഷിനി ഒപ്പിട്ടാലേ നല്‍കാനാവൂ എന്നും പറഞ്ഞു. വാതിലില്‍നിന്ന് പുറകോട്ട് തിരിഞ്ഞ് ഞാന്‍ ഷിനിയെ വിളിച്ചു. അയ്യോ സാറെ പേന മറന്നു എന്ന് പറഞ്ഞപ്പോള്‍ ഷിനി പേന കൂടി എടുക്കണേ എന്ന് പറഞ്ഞു. ഈ സമയം അക്രമി വലിയ ഒരു കടലാസ് എടുത്തു. അതിനടിയില്‍ ഒരു കൂറിയര്‍ പോലെ ഒരു പെട്ടിയും ഉണ്ടായിരുന്നു. അവള്‍ അതിന് മുകളില്‍വെച്ച് ഒപ്പിടാന്‍ ആഞ്ഞതും അക്രമി തോക്കെടുത്തു. വെടിവെയ്ക്കും മുന്‍പ് ഷിനി കൈ കൊണ്ട് തടുക്കാന്‍ ശ്രമിച്ചു. ഉള്ളംകൈയില്‍ വെടിയേറ്റു. അതിനുശേഷം താഴേക്ക് രണ്ടുതവണയും വെടിവെക്കുകയായിരുന്നു.
.
വന്നയാളെ യാതൊരു പരിചയുമില്ലെന്നും വന്നത് സ്ത്രീ തന്നെയാണെന്നും ഭാസ്കരൻ നായർ പറഞ്ഞിരുന്നു. നല്ല പൊക്കവും ആരോഗ്യമുണ്ട്. വാഹനത്തിലാണോ വന്നത് എന്നറിയില്ല. അടുത്ത വെടി എനിക്കാണോ എന്ന് കരുതി ഭാര്യയും മരുമകളും എന്നെ സംരക്ഷിച്ചു. അവര്‍ നിലവിളിച്ചതോടെ അയല്‍ക്കാരെല്ലാം ഓടിവരികയായിരുന്നുവെന്നും ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.
.
സംഭവത്തില്‍ ആരെയും സംശയമില്ലെന്നായിരുന്നു ഷിനിയുടെയും ഭാസ്‌കരന്‍നായരുടെയും മൊഴി. ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റിരിന്നത്. തിരുവനന്തപുരം എന്‍.ആര്‍.എച്ച്.എം.ല്‍ പി.ആര്‍.ഒ.യായി ജോലിചെയ്തുവരികയായിരുന്നു ഷിനി. ഭര്‍ത്താവ് മാലദ്വീപിലാണ് ജോലിചെയ്യുന്നത്.
.

Share
error: Content is protected !!