മുണ്ടഴിച്ച് അതിൽ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു; വനത്തിനകത്ത് നിന്നും പുറത്തെത്തിക്കാനാകാതെ നിരവധി മൃതദേഹങ്ങൾ, പോത്തുകല്ലിൽ വെല്ലുവിളിയായി രക്ഷാപ്രവർത്തനം

മേപ്പാടി: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ മൂന്നിലൊന്നും ലഭിച്ചത് മലപ്പുറം പോത്തുകല്ലിലും സമീപപ്രദേശങ്ങളിലുമായി ചാലിയാര്‍ പുഴയില്‍ നിന്നും കരയില്‍ നിന്നുമാണ്. വനത്തിലുള്ളിലും പുഴയില്‍ ഒഴുകിയെത്തിയതുമായി 34 മൃതദേഹങ്ങളാണ് തിരച്ചില്‍ നടത്തുന്നവര്‍ കണ്ടെത്തിയത്. എന്നാല്‍ കാട്ടിലേക്ക് തിരച്ചിലിനായി പോയവര്‍ അവിടെ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ഏറെ ബുദ്ധിമുട്ടി. സംഘത്തില്‍ പലരുടേയും മുണ്ട് അഴിച്ച് അതില്‍ മൃതദേഹവുമായി നാലും അഞ്ച് കിലോമീറ്റര്‍ താണ്ടിയാണ് ഇവര്‍ കാടിന് പുറത്തെത്തിച്ചത്. ഇരുള്‍ പരന്നതോടെ കാട്ടിനുള്ളിലെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തി.
.
എന്‍ഡിആര്‍ എഫും നാട്ടുകാരും ആറ് കിലോമീറ്ററോളം കാട്ടിനുള്ളില്‍ പ്രവേശിച്ച് തിരച്ചില്‍ നടത്തി. കണ്ടെത്തിയ മൃതദേഹങ്ങൾ കൊണ്ടുവരാന്‍ മാര്‍ഗമില്ലാതെ വന്നു. തിരച്ചില്‍ സംഘത്തില്‍ ഒപ്പം ചേര്‍ന്ന നാട്ടുകാര്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് അതിലാണ് സംഘം നാല് മൃതദേഹങ്ങള്‍ ചുമന്നത്. വനത്തിന് അകത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും തിരിച്ചെത്തിക്കുന്നതില്‍ വലിയ വെല്ലുവിളിയാണ് തിരച്ചില്‍ സംഘം നേരിട്ടത്. പുഴയില്‍ ഒഴുക്കു കൂടുതലായതിനാല്‍ മറുകരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാകാത്ത സ്ഥിതിയുമുണ്ടായി.
.
ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്‌പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാത്രി ഉറങ്ങാതെ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്നവര്‍ക്കാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവര്‍ കൂടുതല്‍ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
.

പിന്നാലെ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. ഈ തിരച്ചിലില്‍ തീരത്ത് അടിഞ്ഞ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കുനിപ്പാല ഭാഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പുഴയിലൂടെ ഒഴുകി എത്തിയ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍നിന്ന് എടുക്കുകയായിരുന്നു. പിന്നീട് അമ്പുട്ടുമുട്ടി ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും ഭൂതാനത്തുനിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും കിട്ടി.
.

ചാലിയാറിലേക്ക് മലവെള്ളം കുത്തിയൊഴുകി വന്നതോടെ കാട്ടിനുള്ളില്‍ ചില തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അവിടെ കൂടുതല്‍ മൃതദേഹങ്ങളുള്ളതായി തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കാട്ടാനശല്യം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സമയം കാട്ടില്‍ നില്‍ക്കാനാവില്ല. ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. (കടപ്പാട്-മാതൃഭൂമി)
.

Share
error: Content is protected !!