വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു; ദുരന്തമുഖത്ത് സാഹസിക ലാൻഡിങ് – വീഡിയോ

വയാനാട് ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമലയിൽ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റർ  എത്തി. ഇവിടെ നിന്ന് പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി ആശുപത്രിയിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി തുടങ്ങി. കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ സൈന്യം താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ആളുകളെ പുറത്തേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്.
.

.
രക്ഷാ പ്രവർത്തനത്തിനായി ഏഴിമലയിലെ നേവി ടീം നദിക്ക് കുറുകെ പാലം നിർമ്മിക്കുമെന്ന് മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, ഒആര്‍ കേളു, എകെ ശശീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. സന്നദ്ധസേവകർ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് അറിയിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട ഫോഴ്സ് രക്ഷാ പ്രവർത്തനം നടത്തുന്നതാണ് നല്ലത്. രക്ഷാപ്രവർത്തനം രാത്രിയിലും തുടരും. രക്ഷാ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ വെളിച്ചമെത്തിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
.

മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക ബെയ്ലി പാലമാണ് നിർമ്മിക്കുക . ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്.

.

രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിൽ എൻഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും കൂടുതൽ സംഘങ്ങൾ എത്തി. മുണ്ടക്കൈ പ്രദേശത്തുള്ളവരെ ദൗത്യ സംഘമെത്തി രക്ഷപ്പെടുത്തി ചൂരൽമലയിലേക്ക് മാറ്റുകയാണ്. ട്രീ വാലി റിസോർട്ട്, മദ്രസ, പള്ളി, ക്ഷേത്രം എന്നിവിടങ്ങളിലെ ആളുകളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

.


.
അതേസമയം ദുരന്തത്തിൽ വൈകുന്നേരം 6.10 വരെ 120 പേർ മരിച്ചതായി സ്ഥിരീകരി്ച്ചു.  34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നും 18 മൃതദേഹങ്ങൾ വിട്ടുനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.  128 പേർ പരുക്കേറ്റ് ചികിത്സയിലുണ്ട്.  എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനാകുന്നത്.
.


.


.
ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. ചൂരൽമലയിൽ മന്ത്രിമാരുടെ സംഘവും രക്ഷാപ്രവർത്തകസംഘവും തമ്മിൽ ചർച്ച നടത്തി. മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു, പി.എ.മുഹമ്മദ് റിയാസ്, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. രക്ഷാപ്രവർത്തനം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് സംബന്ധിച്ചായിരുന്നു ചർച്ച.
.


.
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മുണ്ടക്കൈയിൽനിന്ന് ഗുരുതര പരുക്കേറ്റവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതർ പറഞ്ഞു. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.
അപകടമുണ്ടായ സ്ഥലം ദുരന്തസാധ്യതാ പ്രദേശമായി പ്രഖ്യാപിച്ച മേഖലയല്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ എന്ന സ്ഥലം തീവ്രദുരന്തസാധ്യതാ പ്രദേശമാണ്. ഒഴുകിവന്ന മണ്ണും കല്ലുകളും ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലാത്ത സ്ഥലത്താണ് വന്നടിഞ്ഞിട്ടുള്ളത്. ഇത് പ്രഭവകേന്ദ്രത്തിന്റെ ആറ് കിലോമീറ്റര്‍ ദൂരത്താണ്. പ്രഭവകേന്ദ്രം മനുഷ്യവാസമുള്ള സ്ഥലമല്ല. ഇവിടെ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുണ്ടക്കൈ ചൂരല്‍മല അട്ടമല പ്രദേശങ്ങളിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
.

Share
error: Content is protected !!