മുണ്ടക്കൈയിലേക്ക് കടന്ന് രക്ഷാദൗത്യസംഘം, എത്താനായത് 13 മണിക്കൂറിനുശേഷം; ആളുകളെ വടത്തിലൂടെ പുഴകടത്തും

എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. ചൂരൽമലയിൽ മന്ത്രിമാരുടെ സംഘവും രക്ഷാപ്രവർത്തകസംഘവും തമ്മിൽ ചർച്ച നടത്തി. മന്ത്രിമാരായ കെ.രാജൻ, ഒ.ആർ.കേളു, പി.എ.മുഹമ്മദ് റിയാസ്, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. രക്ഷാപ്രവർത്തനം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് സംബന്ധിച്ചായിരുന്നു ചർച്ച.
.
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 89 ആയെന്ന് റവന്യൂ വിഭാഗം സ്ഥിരീകരിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. മുണ്ടക്കൈയിൽനിന്ന് ഗുരുതര പരുക്കേറ്റവരെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതർ പറഞ്ഞു. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.

.
രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരൽമലയിലെത്തി. ഇവർ മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിർമിക്കാനുള്ള സാധ്യതകൾ തിരയുകയാണ്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവിൽനിന്ന് സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടിൽ എത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
.
രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പൊലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരച്ചിൽ നടത്താനും മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ.മുഹമ്മദ് റിയാസ്, ഒ.ആർ കേളു എന്നിവരാണ് വിമാനമാർഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
.

.
അതിനിടെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഹെലികോപ്റ്റർ വീണ്ടും ഇറങ്ങാൻ ശ്രമിക്കുമെന്ന് വ്യോമസേന അറിയിച്ചു.
.
ചൂരല്‍മല, മുണ്ടക്കൈ- ഉരുള്‍ ഒന്നും ബാക്കിവെച്ചിട്ടില്ല ഇവിടെ. എല്ലാം കവര്‍ന്ന ദുരന്തത്തില്‍ ഒരു പ്രദേശമൊന്നാകെ ഒലിച്ചുപോയപ്പോള്‍ മരണനിരക്ക് അനുനിമിഷം വര്‍ധിക്കുകയാണ്. വയനാട് വിലാപഭൂമിയായി മാറുമ്പോള്‍ കേരളമൊന്നാകെ അതിന്റെ നടുക്കത്തിലാണ്‌. സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മലയും മുണ്ടക്കൈയും മാറുകയാണ്. വയനാട്ടിലാണ് ഉരുള്‍പൊട്ടിയതെങ്കില്‍ കിലോമീറ്ററുകള്‍ അകലെ ചാലിയാര്‍ പുഴയിലൂടെ മൃതദേഹങ്ങളും മൃതദേഹം അവശിഷ്ടങ്ങളും ഒഴുകിവരുന്നതാണ് നിലമ്പൂര്‍ പോത്തുകല്ല് നിവാസികള്‍ രാവിലെ കണ്ടത്. എത്ര മൃതദേഹങ്ങളാണ് ഇവിടെ ഒഴുകിയെത്തിയതെന്ന് ഔദ്യോഗികമായ കണക്കുകള്‍ വന്നിട്ടില്ല. കിലോമീറ്ററുകള്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളില്‍ പലതിനും അംഗഭംഗം സംഭവിച്ചിട്ടുണ്ട്‌.
.
പോത്തുകല്ലില്‍ ഒഴുകിയെത്തിയതും ദുരന്തം നടന്ന ചൂരല്‍മലയുടെ പരിസരത്ത് നിന്നുമായി 80-ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ സമാനമായി ഉരുള്‍പൊട്ടിയ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നെത്താനായത് ചൊവ്വാഴ്ച ഉച്ചയോടെ മാത്രമാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനും ആയിട്ടില്ല.
.
എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ സുരക്ഷിതരാണെന്നോ പോലും അറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് മുണ്ടക്കൈ. ചൂരല്‍മലയിലെ ദുരന്തത്തിന്റെ തീവ്രതയാണ് പുറംലോകം അറിഞ്ഞതെങ്കില്‍ മുണ്ടക്കൈയിലേത് അതിലും വലുതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

.

Share
error: Content is protected !!