വയനാട്ടിൽ ഉരുൾപൊട്ടലിന് പുറമെ നേരിയ ഭൂചലനവും ഉണ്ടായതായി സംശയം; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ, 5 ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ ഇന്ന് അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ പറഞ്ഞു. കൂടുതൽ ജാഗ്രത വേണം. ഒരാഴ്ച മഴ തുടരും. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
.
നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതാകും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരിയ ഭൂചലനം ഉണ്ടായോ എന്ന് സംശയിക്കുന്നതായും അക്കാര്യം  പരിശോധിക്കണമെന്നും ഡോ. ശിവാനന്ദ പൈ പറഞ്ഞു.
.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന്(30/7/2024)ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

.
അതേസമയം, വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 56 കടന്നു. നിരവധി പേർ പലിയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. മുണ്ടക്കൈയ്ക്കും ചൂരൽമലക്കും ഇടയിൽ 100 ഓളം പേർ കുടുങ്ങി കിടക്കുന്നുണ്ട്. എസ്റ്റേറ്റ് ബംഗ്ളാവിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. കൂട്ടത്തിൽ പ്രായമായവർ ഉൾപ്പെടെയുളളവരും ഉള്ളതായാണ് വിവരം. മുണ്ടക്കൈയിൽ ഒമ്പത് ലയങ്ങള്‍ ഒലിച്ച് പോയി. 65 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാനില്ല. ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെയും കാണാനില്ല.
.

അർധരാത്രിയിൽ ​പുഴ ​ഗതിമാറിയൊഴുകുമെന്നോ അതിൽ തങ്ങളുടെ ജീവനും ജീവിതവും ഇല്ലാതെയാകുമെന്നോ അറിയാതെ ശാന്തമായി ഉറങ്ങിയതാണ് ചൂരൽമല. പിന്നാലെ മഴ കനത്തപ്പോഴും വീടിനു പുറത്ത് സംഭവിക്കുന്നതെന്താണെന്ന് അവിടുത്തെ ജനങ്ങൾക്ക് മനസിലായില്ല. ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴേക്കും പലരും കഴുത്തറ്റം ചെളിയിൽ പുതഞ്ഞിരുന്നു. ചൂരൽമല സ്കൂളിനോട് ചേർന്നാണ് പുഴ ഒഴുകുന്നത്. കനത്തമഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ പുഴ ​ഗതിമാറിയൊഴുകിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
.
പുലർച്ചെ രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് പലരും അറിഞ്ഞുതുടങ്ങിയത്. ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്നൊന്നും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ചുറ്റും മണ്ണും ചെളിയും മാത്രമായിരുന്നു. ചൂരൽമല അങ്ങാടി പൂർണമായും ഇല്ലാതായി. സാധാരണക്കാരും തോട്ടം തോഴിലാളികളുമാണ് ചൂരൽമലയിലെ താമസക്കാർ. ഹാരിസൺസ് തേയില എസ്റ്റേറ്റ് കമ്പനിയുടെ സ്ഥലമാണ് ചൂരൽമലയിലെ ഏറിയപങ്കും. എത്രപേർ ദുരന്തത്തിൽ അകപ്പെട്ടെന്നോ എത്രപേരെ കാണാതായന്നോ ഒന്നും ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല.
.
അതേസമയം, മുണ്ടക്കൈയിൽ എന്താണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരം ഇനിയും അറിയില്ല. മുണ്ടക്കൈയിലേക്ക് പോകുന്നത് ചൂരൽമല വഴിയാണ്. ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. അവിടെയും ഉരുൾപൊട്ടൽ ഉണ്ടായി എന്നു മാത്രമേ നിലവിൽ വിവരമുള്ളു. മുണ്ടക്കൈയിലേക്കെത്താൻ ദൗത്യസേന ശ്രമിക്കുന്നുണ്ട്. അവർ അവിടെ എത്തിയാൽ മാത്രമേ വിവരങ്ങളറിയാൻ സാധിക്കൂ. ചെമ്പ്ര, വെള്ളരി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴയുടെ തീരത്താണ് ചൂരൽമലയും മുണ്ടക്കൈയും ഉള്ളത്.

.

Share
error: Content is protected !!