കേരളത്തിൽ വീണ്ടും മഴ ശക്തിപ്രാപിച്ചു; നിരവധി പേർ വീടുകളിൽ കുടുങ്ങി, ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിലും വയനാട് മേപ്പാടി മേഖലയിലും ശക്തമായ മഴയുണ്ട്. പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മേപ്പാടിയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വി.എച്ച്.എസ്.സി. സ്കൂൾ, മുണ്ടക്കൈ യു.പി. സ്കൂൾ, പുത്തുമല സ്കൂൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
.
കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ മഴ ശക്തമാണ്.  പുലർച്ചെമുതൽ പെയ്യുന്ന മഴയിൽ ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. അടിവാരം കൈതപ്പൊയിൽ പ്രദേശത്തുള്ളവർ വീടുകളിൽ കുടുങ്ങി. ചെമ്പുകടവ് ഭാഗത്തെ ആദിവാസി കുടുംബങ്ങൾ അപകടഭീക്ഷണി നേരിടുന്നതായാണ് റിപ്പോർട്ട്.
.
വയനാട് മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ബാണാസുര സാഗർ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് 15 സെന്റിമീറ്റർ കൂടി ഉയരുകയാണെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. പുഴയിലെ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ ഡാം ഷട്ടർ തുറന്നാലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയില്ല.
.
ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ മഴ ശക്തിപ്രാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാബ്ല ഡാമുകളുടെ ഷട്ടറുകൾ തുറന്നിരുന്നു. ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചെങ്കിലും ഷട്ടറുകൾ ഇപ്പോഴും തുറന്നിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം ഒഴുക്കിവിടാനുള്ള സാധ്യതയുമുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2360 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130 അടിയാണ്.

തിരുവനന്തപുരത്തും വിവിധ മേഖലകളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. ഇടവിട്ട് ശക്തമായ മഴയാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. ബാണാസുര സാഗർ അണക്കെട്ടിൽ നിലവിൽ 772.85 ആണ് ജലനിരപ്പ്. 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. മലപ്പുറത്ത് ചാലിയാർ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകി. മലപ്പുറത്തും, കണ്ണൂരും പുഴകൾ കരകവിഞ്ഞൊഴുകുകയാണ്.
.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നു. ഈ മാസം 31 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്.

കേരള തീരത്ത്‌ ചൊവ്വ രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 2.1 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

.

 

Share
error: Content is protected !!