അയോധ്യയിൽ പള്ളി നിർമിക്കാൻ നൽകിയ ഭൂമി തൻ്റെ കുടുംബത്തിൻ്റേത്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഡൽഹി സ്വദേശിനി

ന്യൂഡൽഹി: അയോധ്യയിൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം മറ്റൊരു പള്ളി നിർമിക്കാൻ അനുവദിച്ച സ്ഥലം തന്റെ കുടുംബത്തിന്റേതെന്ന അവകാശവാദം ആവർത്തിച്ച് ഡൽഹി സ്വദേശിനി. റാണി പഞ്ചാബിയെന്ന സ്ത്രീയാണ്, രാമജന്മഭൂമി- ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി ഉത്തരവിനെത്തുടർന്ന് പുതിയ മസ്ജിദ് നിർമിക്കാൻ നീക്കിവച്ച അയോധ്യയിലെ ധനിപൂർ ​ഗ്രാമത്തിലെ അഞ്ചേക്കർ ഭൂമി തൻ്റെ കുടുംബത്തിൻ്റേതാണെന്ന് അവകാശപ്പെട്ട് വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാൻ സുപ്രിംകോടതിയെ സമീപിക്കുമെന്ന് റാണി പഞ്ചാബി പറഞ്ഞു.
.
‘വിഭജനകാലത്ത് മുമ്പ് പാകിസ്താന്റെ ഭാ​ഗമായ പഞ്ചാബിൽ നിന്നും ഇന്ത്യയിലേക്ക് വന്ന തന്റെ പിതാവ് ​ഗ്യാൻ ചന്ദ് ഫൈസാബാദിലേക്ക് (ഇന്നത്തെ അയോധ്യ ജില്ല) താമസം മാറി. പഞ്ചാബിൽ വിട്ടുകൊടുക്കേണ്ടിവന്ന ഭൂമിക്ക് പകരമായി അയോധ്യയിൽ അദ്ദേഹത്തിന് 28.35 ഏക്കർ അനുവദിച്ചു. 1983 വരെ തൻ്റെ കുടുംബം ഈ ഭൂമി കൃഷിക്കായി ഉപയോഗിച്ചിരുന്നു. പിന്നീട് പിതാവിൻ്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കായി കുടുംബം ഡൽഹിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു- റാണി പറയുന്നു.
.
അതിനുശേഷം, ഈ ഭൂമി കൈയേറപ്പെട്ടതായി റാണി അവകാശപ്പെട്ടു. മസ്ജിദ് നിർമിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ ഭരണകൂടം തന്നോട് നീതി പുലർത്തണമെന്നാണ് ആഗ്രഹമെന്നും റാണി പറയുന്നു.
.
അതേസമയം, റാണി പഞ്ചാബിയുടെ അവകാശവാദം അയോധ്യയിൽ പള്ളി നിർമാണത്തിനായി രൂപീകരിച്ച ഇൻഡോ- ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് തലവൻ സുഫാർ ഫാറൂഖി തള്ളി. റാണി പഞ്ചാബിയുടെ വാദം 2021ൽ അലഹബാദ് ഹൈക്കോടതി തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളിയുടെ നിർമാണം ഉൾപ്പെടെയുള്ള മുഴുവൻ പദ്ധതികൾക്കും ഈ വർഷം ഒക്‌ടോബർ മുതൽ തുടക്കമിടുമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർപേഴ്‌സൺ കൂടിയായ ഫാറൂഖി പറഞ്ഞു.
.
മസ്ജിദിൻ്റെയും മറ്റ് കെട്ടിടങ്ങളുടെയും നിർമാണം ഈ വർഷം മെയ് മുതൽ ആരംഭിക്കുമെന്ന ബോർഡിൻ്റെ മുൻ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, മുഴുവൻ പ്രൊജക്ടിൻ്റെയും രൂപരേഖ പുതുതായി തയാറാക്കുന്നതിനാൽ കുറച്ച് കാലതാമസമുണ്ടായതായി ഫാറൂഖി പറഞ്ഞു. കൂടാതെ, ഫണ്ട് സമാഹരണത്തിനുള്ള ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌.സി.ആർ.എ) സർട്ടിഫിക്കറ്റും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
.
റാണി പഞ്ചാബിയുടെ അവകാശവാദത്തെ ബലപ്പെടുത്തുന്ന ശക്തമായ തെളിവുണ്ടെങ്കിൽ അത് അവർ കാണിക്കണമെന്നും പക്ഷേ അത് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ലെന്നും നിർമാണ കമ്മിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2019 നവംബർ ഒമ്പതിനായിരുന്നു, ബാബരി മസ്ജിദ് തകർത്തയിടത്ത് രാമക്ഷേത്രം നിർമിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. മുസ്‌ലിംകൾക്ക്‌ പള്ളി പണിയാൻ അയോധ്യയിൽ തന്നെ അഞ്ചേക്കർ ഭൂമി വിട്ടുനൽകാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.പി സർക്കാർ ധനിപൂരിൽ അഞ്ച് ഏക്കർ ഭൂമി നൽകിയത്.
.
നേരത്തെ, മൂന്ന് വർഷം മുമ്പ് ഇതേ ആവശ്യവുമായി റാണി പഞ്ചാബിയും സഹോദരി രമ പഞ്ചാബിയുമാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹരജി 2021 ഫെബ്രുവരി ഒമ്പതിന് ഹൈക്കോടതി ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് മനീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. ഭൂമി രേഖകളുമായി ബന്ധപ്പെട്ട ഹരജിയിൽ വസ്തുതാപരമായ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഹരജിയെ എതിർത്തിരുന്നു. ഹർജിക്കാരുടെ അഭിഭാഷകൻ തെറ്റ് അംഗീകരിക്കുകയും ഹരജി പിൻവലിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
.

Share
error: Content is protected !!