മഴയിൽ മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളം ഇരച്ചുകയറി; അകത്തു കുടുങ്ങി നെവിനും 2 വിദ്യാർഥിനികളും, മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

ദില്ലി: ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവിൻ ഡാൽവിൻ (28) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നവിനു പുറമേ ടാനിയ സോണി(25), ശ്രേയ യാദവ്(25) എന്നീ വിദ്യാർഥിനികളും മരിച്ചു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. മൂവരും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി ലൈബ്രറിയിൽ എത്തിയതാണെന്നാണ് വിവരം.
.
ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് ഡൽഹി കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിലാണ് അപകടം നടന്നത്. 150 പേർക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് ബേസ്മെന്റിലുണ്ടായിരുന്നത്. ഇവിടെ സംഭവം നടന്ന സമയത്ത് 40 ഓളം വിദ്യാർഥികളുണ്ടായിരുന്നു.
.
“കോച്ചിങ് സെന്ററിന്റെ സമീപത്തായി ഓടയുണ്ടായിരുന്നെന്നും ഇത് നിറഞ്ഞു കവിഞ്ഞ് വെള്ളം ഇരച്ചുകയറിയതാണ് ദുരന്തകാരണമെന്നുമാണ് വിവരം. ഇടുങ്ങിയ വഴി ആയതിനാൽ കുട്ടികൾ അകത്തു കുടുങ്ങിപ്പോകുകയായിരുന്നു. കോച്ചിങ് സെന്ററിനു മുന്നിൽ ഒരു മതിലുണ്ട്. ഇത് വെള്ളം അകത്തേക്ക് കയറാതെ തടഞ്ഞു നിർത്തും. അത് തകർന്നതോടെ വെള്ളം ശക്തിയോടെ അകത്തേക്ക് കയറി. അത് ബേസ്മെന്റിലേക്ക് ഇരച്ചിറങ്ങി”- കോച്ചിങ് സെന്ററിലുണ്ടായിരുന്ന ഒരു മലയാളി വിദ്യാർഥി പറഞ്ഞു.
.
അപകടസമയത്ത് പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും രാത്രി വൈകിയാണ് നവീൻ്റെ മൃതദേഹവും കണ്ടെത്തിയത്.
.
സംഭവത്തിൽ ദില്ലി മുനിസിപ്പൽ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവര്‍ മാര്‍ച്ച് നടത്താൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ദില്ലി സര്‍ക്കാരിനും മുനിസിപ്പൽ കോര്‍പറേഷനുമെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച സ്വാതി മലിവാൾ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ത്ഥികൾക്കൊപ്പം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയടക്കം പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി.
.
വിദ്യാർത്ഥികളുമായി പോലീസ് ചർച്ച നടത്തുകയാണ്. ദുരന്തത്തിന് കാരണം മുനിസിപ്പൽ കോര്‍പറേഷൻ്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നത്. ഓടകൾ വൃത്തിയാക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് റാവുസ് സ്റ്റഡി സർക്കിളിലെ വിദ്യാർത്ഥി ആദിത്യൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ച ഒരു വിദ്യാർത്ഥി റോഡിൽ കിടന്ന ലൈൻ കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു. അപ്പോഴും പരാതി അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു.
.

.

Share
error: Content is protected !!