100 അടി താഴ്ചയില്‍ എത്താം, നദിയില്‍ നങ്കൂരമിട്ട് നിലയുറപ്പിക്കും: അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘമെത്തി
ഷിരൂർ: മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും. ഇവർ ഉടൻ പുഴയിലിറങ്ങും. മത്സ്യ തൊഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘമാണ് ദൗത്യം ഏറ്റെടുത്ത് ഷിരൂരിൽ എത്തിയത്. സമാന സാഹചര്യങ്ങളിൽ നേരത്തെയും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവർ. നിരവധി പേരെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ പുഴയിൽനിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാൽപെ.
.
ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ‘ഗംഗാവലിയിലെ അടിയൊഴുക്കിന് സമാനമായ ഒരുപാട് സാഹചര്യങ്ങളില്‍ ഇതിനുമുമ്പും ഇടപെട്ടിട്ടുണ്ടെന്ന് സംഘത്തലവനായ ഈശ്വർ പറഞ്ഞു. എസ്.പിയും ഡിവൈ.എസ്.പിയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദൗത്യത്തിനായി വന്നത്. വിവിധ അപകടങ്ങളിൽപ്പെട്ട ആയിരത്തോളം മൃതദേഹങ്ങൾ കർണാടകയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
.
വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ല. കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുക. റഡാർ ഉപയോഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്തും. വെള്ളത്തിൽ നൂറ് അടിവരെ താഴെ പോയി മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ട്.
.
നേവിയുടെ ബോട്ടിൽ പോയി വെള്ളത്തിനടിയിലേക്ക് നങ്കൂരം കയർകെട്ടി ഇടും. പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങി നങ്കൂരത്തിന്റെ സഹായത്തോടെ പുഴയുടെ അടിത്തട്ടിൽ നിലയുറപ്പിക്കും. മറ്റിടങ്ങളിൽനിന്ന് അർജുനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ലോറിക്ക് ഉള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം’, ഈശ്വർ കൂട്ടിച്ചേർത്തു.
.
ഈശ്വർ മാൽപെ’ സംഘത്തലവൻ പ്രവർത്തന രീതി വിശദീകരിക്കുന്നു
.
അതിനെ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. അതേസമയം, ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു.
.
എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അർജുനായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്റൂൺ ബ്രിഡ്ജുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. രാജസ്ഥാനിൽനിന്ന് സാങ്കേതിക സംഘം ഇന്നെത്തും. പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്താൻ രാജ്യത്തെ ഏതെങ്കിലും സ്ഥലത്തെ നേവൽ സംഘത്തിന് കഴിയുമെങ്കിൽ അവരെ കൊണ്ടുവരണം. യോഗ തീരുമാനങ്ങൾ നടപ്പിലാകണം. അക്കാര്യം ഇന്നത്തെ ഉന്നതതല യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.
.
നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്സ് (മണിക്കൂറിൽ 10 കിലോമീറ്റർ വേഗം) ആയിരുന്നു. 2 മുതൽ 3 നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാൻ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്സ് (മണിക്കൂറിൽ 6.4 കിലോമീറ്റർ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നത് അപകടമാണ്. ജില്ലാ ഭരണകൂടം പുഴ പരിചയമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത് ഈ സാഹചര്യത്തിലാണ്.
.