‘അവിടെയുള്ളത് എൻ്റെ മോനാ, ജീവനോടെ വരുമെന്ന പ്രതീക്ഷ ഇനിയില്ല; മലയാളികളായതുകൊണ്ട് പിന്തുണ കിട്ടി’ – അമ്മ ഷീല

കോഴിക്കോട്: പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച് ഏഴാംദിവസവും അർജുന് വേണ്ടിയുള്ള തിരച്ചിൽ വിഫലം. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്നും അർജുനും ലോറിയും എവിടെയെന്നു കണ്ടെത്താനായില്ല.

കാണാതായ മകൻ അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് അമ്മ ഷീല പറഞ്ഞു. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞു.
.
‘‘ടണൽ ദുരന്തത്തിൽ ആളുകൾ പെട്ടപ്പോൾ നടത്തിയതുപോലെയുള്ള ഇടപെടൽ നടത്തുമെന്നു പ്രതീക്ഷിച്ചു. അച്ഛൻ പട്ടാളക്കാരനായിരുന്നു. അഭിമാനത്തോടെയാണ് പട്ടാളത്തെ കണ്ടിരുന്നത്. ആ പ്രതീക്ഷ തെറ്റുകയാണ്. പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനമാണ്. ഒരു ഉപകരണങ്ങളും ഇല്ലാതെയാണ് അവർ വന്നത്. വാഹനം അവിടെ ഇല്ല എന്ന് തെളിയിക്കേണ്ടത് ആരുടെയൊക്കെയോ അഭിമാന പ്രശ്നമായി മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നു. അവിടുത്തെ ഉദ്യോഗസ്ഥർ ‍‍ഞങ്ങളെ ബന്ധപ്പെട്ട് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ അറിയിക്കാമെന്ന് അറിയിച്ചിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുന്ന ഫോട്ടോയും വിഡിയോയുമെല്ലാം അയച്ചു തന്നു. പിന്നീട് അത് അവർ തന്നെ ഡിലീറ്റ് ചെയ്തു. തുടർന്ന് യാതൊരു ബന്ധവുമുണ്ടായില്ല’’– അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
.
വാഹനത്തിന്റെ മുതലാളിമാരും ഡ്രൈവർമാരും അവിടെയുണ്ട്. അവരെ ഒന്നും തിരച്ചിൽ നടക്കുന്നിടത്തേക്കു കടത്തി വിടുന്നില്ല. നമ്മൾ മലയാളികൾ ആയതുകൊണ്ടാണ് ഇത്രയും ശ്രദ്ധ കിട്ടിയത്. എന്നാൽ അതൊന്നുമല്ലാത്ത വേറെ മൂന്ന് പേരെ കൂടി അവിടെ കാണാതായിട്ടുണ്ട്. അവരുടെ ആൾക്കാരൊക്കെ വന്നപ്പോൾ അവരെ പൊലീസ് ആട്ടിയോടിക്കുകയാണുണ്ടായത്. സഹനത്തിന്റെ അങ്ങേയറ്റത്തെത്തി. ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.
.
അതിനിടെ അതിനിടെ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ കാണിക്കുന്ന മെല്ലപോക്ക് നയത്തിനെതിരെ കണ്ണൂർ ജില്ലയിലെ ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു.
.
കേരളത്തിൽനിന്നും കർണാടകയിലേക്ക് പ്രവേശിച്ച എല്ലാ വാഹനങ്ങളെയും കൂട്ടുപുഴ അതിർത്തിയിൽ തടഞ്ഞാണ് ഇവർ പ്രതിഷേധിക്കുന്നത്. കാണാതായ അർജുന്റെ കുടുംബത്തെ ദേശീയപാത അതോറിറ്റിയും കർണാടക സർക്കാരും ചേർന്ന് സംരക്ഷിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. രക്ഷാപ്രവർത്തനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും അർജുനു വേണ്ടിയുള്ള നാളത്തെ തിരച്ചിൽ. ഇതിനായി ആധുനിക സംവിധാനങ്ങളടക്കം എത്തിക്കും. എൻഡിആർഎഫിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുമെത്തുമെന്നാണ് പ്രതീക്ഷ.
.

Share
error: Content is protected !!