മണ്ണിനടിയിൽനിന്ന് 7 പേരുടെ മൃതദേഹം ലഭിച്ചു, ഒരു കുടുംബത്തിലെ 5 പേർ; തിരച്ചിലിന് നേവി എത്തും, കേരളത്തിൽ നിന്ന് നാലംഗ സംഘം തിരച്ചിലിൽ പങ്കെടുക്കും

കോട്ടയം∙ കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്ന് ഉത്തര കന്ന‍ഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവർ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാൽ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
.
8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളിൽ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേർ ഡ്രൈവർമാരാണ് എന്നാണ് സൂചന. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
.
അതേസമയം, ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഗംഗാവേലി നദിക്ക് സമീപത്തുള്ള ഉളവരെ എന്ന പ്രദേശത്താണ് മഴയും മണ്ണിടിച്ചിലും ഏറെ ദുർഘടം വിതച്ചത്. ഇരുപതോളം വീടുകളാണ് ഇവിടെ മഴയിൽ തകർന്നത്.
.

അര്‍ജുന്റെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു. അര്‍ജുന്‍ എട്ടാം തിയ്യതിയാണ് വീട്ടില്‍നിന്ന് പോയത്. 15-ാം തിയ്യതി രാത്രിവരെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. ലോറിയുടെ മറ്റൊരു ഡ്രൈവറുമായും അര്‍ജുന്‍ സംസാരിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നും സഹോദരി പറഞ്ഞു.
.
‘സ്ഥിരമായി കര്‍ണാടകയില്‍ പോയി ലോറിയില്‍ മരമെടുത്ത് വരുന്നയാളാണ് അര്‍ജുന്‍. അങ്ങനെ പോകുമ്പോള്‍ രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ട്. ഇപ്പോള്‍ ലോറിയില്‍നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ വരുന്നത് അപകടംനടന്ന സ്ഥലത്തുനിന്നാണ്. അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. മണ്ണ് മാറ്റി റോഡിലെ തടസ്സം നീക്കാനുള്ള നടപടികളാണ് അവര്‍ സ്വീകരിക്കുന്നത്. ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ എത്രയുംപെട്ടെന്ന് സ്വീകരിക്കണം’, അര്‍ജുന്റെ സഹോദരി ആവശ്യപ്പെട്ടു.

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും. കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകിയിട്ടുണ്ട്. ദൗത്യം ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തൽക്കാലികമായി നിര്‍ത്തിവെച്ച രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങി. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി.
.
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്. എൻഡിആർഎഫും പൊലീസും തെരച്ചിൽ  ഇപ്പോൾ തൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടി.
.

.

Share
error: Content is protected !!