കർണാടകയിൽ അപകടത്തിൽപെട്ട മലയാളി ലോറി ഡ്രൈവറെ കുറിച്ച് 4 ദിവസമായി വിവരമില്ല; ജിപിഎസിൽ ലോറി മണ്ണിനടിയിൽ, മണ്ണുനീക്കിയുള്ള തിരച്ചിൽ ആരംഭിച്ചു

മുക്കം: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരികയായിരുന്നു ലോറി. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ആണ്.  കോഴിക്കോട് സ്വദേശിയാണ് അർജുൻ. മണ്ണിനടിയിൽ അർജുനടക്കം 15 പേരാണ് കുടുങ്ങികിടക്കുന്നതെന്ന് സൂചന.
.
‘‘16–ാം തീയതിയാണ് സംഭവം. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ഈ സമയത്ത് അർജുൻ വണ്ടിയിൽ ഉറങ്ങുകയായിരുന്നോ അതോ വണ്ടി അവിടെ വച്ച് എവിടെയെങ്കിലും പോയതാണോ എന്നറിയില്ല. അന്ന് 11 മണിക്ക് ശേഷം അർജുന്റെ അമ്മ വിളിക്കുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. സാധാരണ 11 മണിയോടെ അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു വരുന്നതാണ്. അന്ന് പുലർച്ചെ 4 മണിയ്ക്ക് വിളിച്ചപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞത്.
.
സാധാരണ ഗതിയിൽ ലോറി എവിടെയാണ് എന്നറിയാൻ ജിപിഎസ് പരിശോധിക്കാറുണ്ട്. അന്നും അങ്ങനെ ചെയ്തപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ലോറിയുള്ളതെന്ന് മനസ്സിലായത്. അപ്പോൾ തന്നെ അങ്കോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ മൂന്നു ദിവസമായിട്ടും പരാതിയിൽ നടപടിയുണ്ടായിട്ടില്ല. ഇപ്പോഴും മണ്ണിനടിയിലാണ് ലോറിയുടെ ജിപിഎസ് കാണിക്കുന്നത്.
.
അപകടമുണ്ടായതിന് പിന്നാലെ രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ഇന്നലെ അർജുന്റെ ഭാര്യ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തിരുന്നു. പക്ഷേ, ഫോൺ എടുത്തില്ല. പിന്നെയും സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.
.
റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. എസി ഓൺ ചെയ്ത് ഫുൾ കവർ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കിൽ അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോൺ സ്വിച്ച് ഓൺ ആകുന്നതിലും പ്രതീക്ഷയുണ്ട്’’– ലോറി ഉടമ മനാഫ് പറഞ്ഞു.
.

.
അർജുനെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും കർണാടക ഗതാഗത മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും അന്വേഷണത്തിന് കാസർകോട് കലക്ടറെ ചുമതലപ്പെടുത്തിയെന്നും ഗതാഗത മന്ത്രി എം.ബി.ഗണേഷ് കുമാർ പറ‍ഞ്ഞു. അർജുനായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് ഉത്തര കന്നഡയിലെ കുന്ത ഡിവിഷനിലെ അസിസ്റ്റന്റ് സബ്കലക്ടർ കല്യാണി വെങ്കിടേഷ് കാബ്ളെ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഉത്തര കന്നഡയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണെന്നും ഇപ്പോഴും പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണെന്നും കല്യാണി പറഞ്ഞു.
.

‘‘റോഡിലെ മണ്ണ് മുഴുവൻ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ യന്ത്രങ്ങളുടെ സഹായത്തോടെ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യാനാണ് ശ്രമം നടത്തുന്നത്. ഭാരത് ബെൻസിന്റെ ഒരു ലോറി കുടുങ്ങികിടക്കുന്നതായി അറിഞ്ഞിട്ടുണ്ട്. മണ്ണ് പൂർണമായും മാറ്റിയാലേ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സാധിക്കു. സ്ഥലത്ത് ശക്തമായ മഴയാണ്. അത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. സർക്കാർ പൂർണ സജ്ജമാണ്. എൻഡിആർഫ്, ഫയർഫോഴ്സ്, പൊലീസ് എന്നിവരെല്ലാം സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ഇതുവരെ 6 മൃതദേഹം സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ അർജുൻ ഇല്ല എന്ന സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ’’– കല്യാണി പറഞ്ഞു.

കുടുംബം പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാൻ താൽപര്യമില്ലെന്നും സബ് കലക്ടർ കല്യാണി കാംബ്ളെ പറഞ്ഞു.
.
സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. നടപടികൾ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
.

Share
error: Content is protected !!