ഇനി കുഞ്ഞൻ വിമാനത്തിൽ യാത്ര ചെയ്യാം; ആയിരക്കണക്കിന് ഇലക്ട്രിക് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങി സൗദി
റിയാദ്: സൗദിയിൽ ആയിരക്കണക്കിന് ഇലക്ട്രിക് വിമാനങ്ങൾ (ഡ്രോണുകൾ) നിർമ്മിക്കുമെന്ന് ഓസ്ട്രേലിയയുടെ ഫ്ലൈ നൗ കമ്പനി പ്രഖ്യാപിച്ചു. അതിനായി സൗദി അറേബ്യയിൽ ഓഫീസും നിർമാണ യൂണിറ്റുകളും സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. 2030 ൽ റിയാദിൽ നടക്കുന്ന വേൾഡ് എക്സ്പോയ്ക്ക് മുന്നോടിയാണ് ഇത്തരം ഒരു നീക്കം സൌദി ആരംഭിച്ചത്. വേൾഡ് എക്സ്പോയ്ക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ചെറു ഇലക്ട്രിക് വിമാനങ്ങൾ (ഡ്രോണുകൾ) ഉപയോഗിക്കുകയാണ് ലക്ഷ്യം.
.
ഒന്നോ രണ്ടോ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന ഇകോപ്റ്റർ ഇലക്ട്രിക് വിമാനമാണ് നിർമിക്കുക. എല്ലാ പ്രവർത്തന നിയമങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ട് നിർമിക്കുന്ന ഈ വിമാനങ്ങൾ ഇലക്ട്രിക് ഹെലികോപ്റ്ററുകളായി പ്രവർത്തിക്കും.
.
ഒരു സീറ്റുള്ളതും, രണ്ട് സീറ്റുകളുള്ളതുമായ രണ്ടു തരം വിമാനങ്ങളാണ് പുറത്തിറക്കുക. റീ ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ബാറ്ററി, ഒരു തവണ റീ ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് പരമാവധി വേഗത. എന്നാൽ എക്സിബിഷൻ നടക്കുന്നതിൻ്റെ പരിസരങ്ങളിൽ ഇത്രെയും വേഗതയിൽ പറക്കാൻ അനുവാദം നൽകാനിടയില്ല.
.
200 കിലോഗ്രാം വരെ യാത്രക്കാരുടെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിന്റെ മൊത്തം ടേക്ക് ഓഫ് ഭാരം 210 കിലോഗ്രാമാണ്. 150 മീറ്റർ ഉയരത്തിൽ ഫാനുകൾ സൃഷ്ടിക്കുന്ന ശബ്ദ നില 55 ഡെസിബലിൽ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായാത് ആളുകൾ നിശബ്ദമായി നടത്തുന്ന സംഭാഷങ്ങളേക്കാൾ കുറവായിരിക്കും ഫാനുകളുടെ ശബ്ദം.
.