പടക്കനിര്‍മാണ ശാലയില്‍ ഉഗ്രസ്ഫോടനം; 5 കിലോമീറ്റർ വരെ പ്രകമ്പനം, സ്ഫോടനത്തിൽ നടുങ്ങി നന്ദിയോട്

പാലോട്: ഉഗ്രസ്ഫോടനം, പിന്നാലെ പുകപടലങ്ങൾ. നാടും നാട്ടുകാരും ഒറ്റ നിമിഷം കൊണ്ട് ഭീതിയിലായി. തിരുവനന്തപുരം നന്ദിയോട് ആലംപാറയിലെ പടക്കനിർമാണ കേന്ദ്രത്തില്‍ ബുധനാഴ്ച രാവിലെയുണ്ടായ സ്ഫോടനം ഗ്രാമത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കി. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. 5 കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
.
പലർക്കും എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. സമീപവാസിയായ ഗിരിജ എന്ന സ്ത്രീ സ്ഫോടനശബ്ദം കേട്ട് ബോധരഹിതയായി. രാവിലെ 10.15ഓടെയാണ് പുലിയൂർ ഗിരിജാ ഭവനിൽ മഞ്ജുവിന്റെ പേരിലുള്ള ശ്രീമുരുകാ പടക്കശാല പൊട്ടിത്തെറിച്ചത്. മഞ്ജുവിന്റെ ഭർത്താവ് ഷിബുവിനു ഗുരുതരമായി പൊള്ളലേറ്റു. അപകടസമയത്ത് ഷിബു മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്ഫോടന സ്ഥലത്തെത്തിയ അജയകുമാർ കണ്ടതു കുനിഞ്ഞിരിക്കുന്ന ഷിബുവിനെയാണ്. ആശുപത്രിയിലേക്കു മാറ്റിയ ഷിബുവിന്റെ നില ഗുരുതരമായി തുടരുന്നു.
.
അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണു തീയണച്ചത്. സ്ഫോടനശബ്ദം കേട്ട് ദൂരെ നിന്നുള്ളവരടക്കം നന്ദിയോട്ടിലേക്കു കുതിച്ചെത്തി. വീണ്ടും സ്ഫോടനം ഉണ്ടാകുമോയെന്ന സംശയത്താൽ പ്രയാസപ്പെട്ടാണു ജനക്കൂട്ടത്തെ പൊലീസ് നിയന്ത്രിച്ചത്. പടക്കശാലയുടെ മുന്നിൽ 3 ദിവസം മുൻപു ഷിബു പുതിയ ഷെഡ് പണിതിരുന്നു. ഈ ഷെ‍ഡ് സ്ഫോടനത്തിൽ തകർന്നു. പുലിയൂരിലെ മറ്റൊരു പടക്കനിർമാണ കേന്ദ്രത്തിൽനിന്ന് നന്ദിയോട്ടേക്കു മരുന്ന് കൊണ്ടുപോകുമെന്ന് ഷിബു പറഞ്ഞിരുന്നതായി ഭാര്യ അറിയിച്ചു. ഈ മരുന്ന് ചേർക്കുന്ന സമയത്തുണ്ടായ പ്രശ്നമോ ഷോർട് സർക്യൂട്ടോ ആകാം സ്ഫോടനത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.
.

 

Share
error: Content is protected !!