മഴക്ക് ശമനമില്ല: മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്.
.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അം​ഗൺവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധിയായിരിക്കും.
.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും (എംആർഎസ്), നവോദയ സ്കൂളുകൾക്കും അവധി ഉണ്ടായിരിക്കില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധിയായിരുന്നു.

വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഞായറാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനവും വിലക്കിയിട്ടുണ്ട്.
.
കുറഞ്ഞ സമയം കൊണ്ട് വലിയ അളവിലുള്ള മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
.

കോഴിക്കോട് ജില്ലയിൽ 34 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. 33 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴിക്കോട് താലൂക്കിൽ ഇതുവരെ 5 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. 36 പേർ ക്യാംപുകളില്‍ കഴിയുന്നുണ്ട്. 50 ലേറെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി

വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതു കാരണം പൂനൂര്‍ പുഴയിലും ചാലിയാര്‍ പുഴയിലും കൈവഴികളായ ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും വെള്ളം കയറുന്നുണ്ട്.
.
കോഴിക്കോട്  പൂളക്കടവ് ഭാഗത്ത് ശക്തമായ മഴ. പൂനൂർ പുഴ നിറഞ്ഞ് കവിഞ്ഞതോടെ പൂളക്കടവ് പാലത്തിൽ വെള്ളം കയറി. പൂളക്കടവ് LP സ്‌കൂളിന്റെ മുൻവശത്ത് അരക്കൊപ്പമാണ് വെള്ളം. ഇതോടെ വെള്ളിമാടുകുന്ന് – പൂളക്കടവ് – പറമ്പിൽ ബസാർ  റോഡ് അടച്ചു.
.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ വരും മണിക്കൂറുകളിൽ കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അത് സംബന്ധിച്ച അറിയിപ്പുകൾ അപ്പപ്പോൾ മലയാളം ന്യൂസ് ഡെസ്ക് വഴി നൽകുന്നതായിരിക്കും.

.

Share
error: Content is protected !!