ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം: ആസിഫ് അലിക്കൊപ്പം ‘അമ്മ’

സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ ആസിഫ് അലിക്ക് പൂർണ പിന്തുണയുമായി മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആസിഫ് അലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച  ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടന കുറിച്ചത്.
.
എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുന്നുണ്ട്. ഇതിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് അലി- രമേഷ് നാരായണ്‍ വിഷയം നടന്നത്. ആന്തോളജി ചിത്രത്തിലെ  ‘സ്വർഗം തുറക്കുന്ന സമയം’  എന്ന പടത്തില്‍ രമേഷ് നാരായണ്‍ സംഗീതം ഒരുക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് പുരസ്കാരം നല്‍കുന്നതിന് വേണ്ടി ആസിഫ് അലിയെ ക്ഷണിക്കുക ആയിരുന്നു. എന്നാല്‍ താല്പര്യം ഇല്ലാതെ, സദസിനെ പുറംതിരിഞ്ഞ് നിന്ന് പുരസ്കാരം വാങ്ങിയ രമേഷ്, സംവിധായകന്‍ ജയരാജിനെ വിളിച്ചു. ശേഷം ഇദ്ദേഹത്തില്‍ നിന്നും പുരസ്കാരം വാങ്ങിക്കുക ആയിരുന്നു.
.
സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തനിക്കെതിരെ നടന്ന അനീതിയെ ചെറു പുഞ്ചിരിയോടെ നേരിട്ട ആസിഫിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഒപ്പം രമേഷ് നാരായണന് എതിരെ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. മലയാള സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തുന്നത്.
.
അതേ സമയം ആസിഫ് അലിയുടെ കയ്യിൽ നിന്ന് താൻ സന്തോഷമായിട്ടാണ് പുരസ്‌കാരം വാങ്ങിയതെന്നും അതു ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തിൽ നിന്നുകൂടി സ്വീകരിച്ചതെന്നും രമേശ് നാരായണൻ വ്യക്തമാക്കി. പ്രചരിക്കുന്ന വിഡിയോ കണ്ടിട്ട് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ആരോടും വിവേചനപരമായി പെരുമാറുന്ന ആളല്ല താനെന്നും രമേശ് നാരായണൻ പറഞ്ഞു.
.
സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജയരാജും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്‍റെ അണിയറക്കാരെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ രമേഷ് നാരായണനെ ക്ഷണിച്ചില്ല. ഇക്കാര്യം സംഘാടകരെ അറിയിച്ചപ്പോഴാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കാന്‍ അസിഫ് അലിയെ ക്ഷണിച്ചത്. ആസിഫ് അലിയില്‍ നിന്നും പുരസ്കാരം വാങ്ങിയ ശേഷമാണ് തന്‍റെ പക്കല്‍ തന്നതെന്നും നടനെ രമേഷ് അപമാനിച്ചതായി തോന്നിയില്ലെന്നുമാണ് ജയരാജ് പറഞ്ഞത്.
.

Share
error: Content is protected !!