‘ദുബായിൽ നിന്ന് വന്നത് 2000 കോടി, 5000 ഇറക്കിയാൽ 5 ലക്ഷം തരും; വിശ്വസ്തരെ മാത്രം അറിയിക്കുക’
തൃശൂർ: ദുബായിൽ നിന്ന് ഇന്ത്യയിലെ ബാങ്കിൽ എത്തിയ 2,000 കോടി രൂപ പിൻവലിക്കാൻ നികുതി അടയ്ക്കേണ്ടത് 30 ലക്ഷം; അതിനായി 5000 രൂപ വച്ച് പിരിവ്. തുക തരുന്നവർക്ക് 5 ലക്ഷം വീതം തിരിച്ചുനൽകും. 10,000 തരുന്നവർക്ക് 10 ലക്ഷം, എത്ര തുക അടയ്ക്കാനും തടസ്സമില്ല. കേട്ടാൽ വിചിത്രമെന്നു തോന്നുന്ന പദ്ധതി 2 ദിവസമായി ഫോൺ മുഖാന്തരം പ്രചരിക്കുകയാണ്. പദ്ധതിയിൽ എത്ര പേർ തല വച്ചു എന്നു വ്യക്തമായിട്ടില്ല. പരിചയക്കാരിൽ നിന്നു മാത്രമായി 30 ലക്ഷം രൂപ പിരിച്ചെടുത്ത് 2,000 കോടി ബാങ്കിലെത്തിക്കാനാണത്രെ ഉദ്ദേശ്യം.
.
അതിനാൽ അധികം പേരെ അറിയിക്കുന്നില്ലെന്നും പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാൻ പറയൂ എന്നും ഏജന്റുമാർ പലരോടു പറഞ്ഞുപറഞ്ഞ് സംഗതി അറിയാത്തവരായി ആരുമില്ല എന്നതാണ് സ്ഥിതി. അങ്ങോട്ടു വിളിച്ചാൽ ഒരു പരിചയവുമില്ലെങ്കിലും കാര്യങ്ങളെല്ലാം വെടിപ്പായി വിശദീകരിക്കാനും ഈ ഏജന്റുമാർ റെഡി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് 2000 കോടി രൂപ ദുബായിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയത് എന്നാണ് വിളിക്കുമ്പോൾ പറയുന്നത്.
.
ഇത് പിൻവലിക്കാൻ 30 ലക്ഷം രൂപ നികുതി അടയ്ക്കണമത്രെ. ഇന്നലെ ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്ന് ഇന്നലെ വിളിച്ചവരോടു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചവരോടും ഇതു തന്നെയാണ് പറഞ്ഞതെന്നാണ് വിവരം. റിസർവ് ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലേക്കു പോകാനുള്ള വഴിച്ചെലവു തുക മാത്രമേ കിട്ടാനുള്ളൂ എന്നാണ് ഇന്നലെ ഉച്ചയ്ക്കുശേഷം വിളിക്കുമ്പോൾ പറയുന്നത്. 5 മണി കഴിഞ്ഞാൽ ഒരു തരത്തിലും തുക സ്വീകരിക്കാനാവില്ല എന്നായിരുന്നു 5 മണി വരെയും ഏജന്റുമാരുടെ കാർക്കശ്യം. എന്നാൽ, രാത്രി വിളിക്കുമ്പോഴും പണം ഇത്തിരി നേരം കൂടി സ്വീകരിക്കുമെന്ന് ഔദാര്യം.
.