സി.എ.എയില്‍ പൗരത്വത്തിന് അപേക്ഷിച്ചത് വെറും എട്ടുപേര്‍! ഹിന്ദുക്കള്‍ക്കൊന്നും താല്‍പര്യമില്ലെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: മോദി സര്‍ക്കാര്‍ നടപ്പാക്കിയ സി.എ.എയോട് പുറംതിരിഞ്ഞ് അസമുകാര്‍. നിയമം പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി ഇതുവരെ അപേക്ഷിച്ചത് വെറും എട്ടുപേരാണ്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാണു വിവരങ്ങള്‍ പുറത്തുവിട്ടത്. സംസ്ഥാനത്തെ ബംഗാളി ഹിന്ദുക്കളൊന്നും പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
.
വലിയ തോതില്‍ ആളുകള്‍ സി.എ.എ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയായി എട്ട് ബംഗാളി ഹിന്ദുക്കളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ തന്നെ അഭിമുഖത്തിനായി എത്തിയത് രണ്ടുപേര്‍ മാത്രവും. സി.എ.എ വഴി പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ ബോധവല്‍ക്കരണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ വലിയ തോതില്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അവരില്‍ ഭൂരിഭാഗം പേരും പൗരത്വത്തിന് അപേക്ഷിക്കാന്‍ വിസമ്മതിക്കുകയാണെന്നും ഹിമാന്ത പറഞ്ഞു.
.
സി.എ.എ കാരണം അസമിലെ ജനസംഖ്യ 50 ലക്ഷത്തിലേറെ വര്‍ധിക്കാനിടയുണ്ടെന്നു ചിലര്‍ പ്രചരിപ്പിച്ചിരുന്നുവെന്നു പറഞ്ഞാണ് ഹിമാന്ത ബിശ്വ ശര്‍മ ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അപേക്ഷകരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഇതു പറഞ്ഞായിരുന്നു സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍, അവരുടെ വാദങ്ങളെല്ലാം തെറ്റായിരുന്നുവെന്നാണു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

.
‘സി.എ.എ വഴി പൗരത്വത്തിന് അപേക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ചില ബംഗാളി ഹിന്ദുക്കളെ ഞാന്‍ നേരില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, സി.എ.എയിലൂടെ പൗരത്വത്തിന് അപേക്ഷിക്കുന്നത് ശരിയാകില്ലെന്നാണ് അവര്‍ പ്രതികരിച്ചത്. 1971നുമുന്‍പ് ഇന്ത്യയിലെത്തിയിട്ടുണ്ട് തങ്ങളെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ട് സി.എ.എ വഴി പൗരത്വത്തിന് അപേക്ഷിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല. കോടതിയില്‍ തങ്ങളുടെ പൗരത്വം തെളിയിച്ചോളാം എന്നാണ് അവരെല്ലാം പറയുന്നത്. അസമില്‍ പൗരത്വത്തിന് അപേക്ഷിക്ഷാന്‍ സാധ്യതയുണ്ടായിരുന്നവര്‍ക്കിടയില്‍ പൊതുവെ നിലനില്‍ക്കുന്ന വികാരമാണിത്.’
.
ഹിന്ദു ബംഗാളികള്‍ക്കെതിരായ ഫോറീന്‍ ട്രിബ്യൂണല്‍ കേസുകള്‍ റദ്ദാക്കില്ലെന്നും ഹിമാന്ത വ്യക്തമാക്കിയിട്ടുണ്ട്. 2015നുമുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ക്ക് സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശമുണ്ട്. അവര്‍ അപേക്ഷിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ കേസെടുക്കും. ഇതൊരു നിയമപരമായ നിര്‍ദേശമാണ്. 2015നുശേഷം ഇവിടെയെത്തിയവരെ തിരിച്ചയയ്ക്കുമെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. സി.എ.എ അപേക്ഷകര്‍ക്കു വേണ്ടിയാണ് ഏതാനും മാസത്തോളം ഫോറീന്‍ ട്രിബ്യൂണല്‍ കേസില്‍ നടപടികള്‍ നിര്‍ത്തിവച്ചത്. പുതിയ സാഹചര്യത്തില്‍ അവ പുനരാരംഭിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
.
ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങള്‍ക്ക് ഒരു കേസും പിന്‍വലിക്കാനാകില്ല. കേസെടുക്കുന്നതിനു മുന്‍പ് സി.എ.എ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണമെന്നാണു നിര്‍ദേശിക്കാനുള്ളത്. അവര്‍ക്ക് പൗരത്വം ലഭിച്ചാല്‍ നേരത്തെ എടുത്ത കേസുകള്‍ ബാധിക്കില്ല. എന്നാല്‍, ഈ വിഷയത്തില്‍ കേസുകള്‍ റദ്ദാക്കാനോ റദ്ദാക്കാതിരിക്കാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ഹിമാന്ത വ്യക്തമാക്കി.
.
2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്. 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സി.എ.എ അവതരിപ്പിച്ചത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് 2014നുമുന്‍പ് ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. 2016 ജൂലൈയിലാണ് ആദ്യമായി ബില്‍ ലോക്‌സഭയിലേത്തിയത്. 2019 ജനുവരി എട്ടിന് ലോക്‌സഭ പാസാക്കുകയും ചെയ്തു.
.
2024 മാര്‍ച്ച് 11ന് പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാനായി മന്ത്രാലയം പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്തിരുന്നു.
.

 

Share
error: Content is protected !!