പാലക്കാട് വീടിൻ്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയിൽ 4 മരണം

വടക്ക​​ഞ്ചേരി: പാലക്കാട് കണ്ണമ്പ്രയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണു അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് വീട്ടിൽ സുലോചന(70), രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒറ്റ മുറി വീടിന്റെ പിൻഭാഗത്തെ ചുമർ, രാത്രി പെയ്‌​ത കനത്ത മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
.
പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്​തിരുന്നതിനാൽ ചുമർ ഇടി​ഞ്ഞു വീണ ശബ്ദം സമീപത്തുണ്ടായിരുന്നവർ ആരും കേട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികൾ എത്തിയപ്പോഴാണ് ചുമർ ഇടിഞ്ഞു വീണത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം അഗ്നിരക്ഷാ സംഘത്തെ അറിയിക്കുകയായിരുന്നു. ഇവർ എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരും ഇടിഞ്ഞു വീണ അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്നതായി കണ്ടെത്തിയത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ‌ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
.
പരേതനായ ശിവന്റെ ഭാര്യയായ സുലോചന കിടപ്പു രോഗിയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മകൻ രഞ്ജിത്ത് തൃശൂരിൽ സ്വകാര്യ ബസ് കണ്ടക്ടറാണ്. രഞ്ജിത്തിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പുതിയ വീടിനായി പഞ്ചായത്തിൽ ഇവർ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ നടപടികൾ മുന്നോട്ടു പോകുന്നതിനിടെയാണ്  അപകടമുണ്ടായത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
.
അതിനിടെ, കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണു സ്ത്രീ മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിനയാണ് (51) മരിച്ചത്. വീടിന്റെ സമീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ചൊക്ലി ഒളവിലത്തും വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മേക്കര വീട്ടിൽ താഴെ ചന്ദ്രശേഖറിനെയാണ് വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
.
മൂന്നാർ ഗ്യാപ്പ് റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ. ലോവർ പെരിയാർ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകൾ തകർന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയർ ഫോഴ്‌സും ഹൈ വേ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി. കുറ്റ്യാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി.
.

Share
error: Content is protected !!