മഴ കൂടുതൽ ശക്തമായി; വ്യാപക നാശനഷ്ടങ്ങൾ, രാത്രിയാത്രക്ക് നിരോധനം, 3 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്കാണു മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തിയെന്ന് കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ റെഡ് അലർട്ട് തുടരും. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ടാണ്.
.
കോഴിക്കോട് ജില്ലയിൽ മാവൂർ, നാദാപുരം, കുറ്റ്യാടി തുടങ്ങിയ മലയോര മേഖലകളിലെല്ലാം കനത്ത മഴയാണ്. നാദാപുരം ഇയ്യങ്കോട് വെളിയാറ വിമലയുടെ ഓടുമേഞ്ഞ ഇരുനില വീട് തകർന്നു. വിമല മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നതിനാൽ ആളപായം ഉണ്ടായില്ല. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. മാവൂരിൽ തെങ്ങിലക്കടവിലും കണ്ണിപറമ്പിലും കിണർ ഇടിഞ്ഞുതാഴ്ന്നു.
.
.
.
വയനാട്, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ തുടരുന്നു. വയനാട്ടിൽ ഇന്നലെ വൈകിട്ട് മുതലാണു ശക്തമായ മഴ തുടങ്ങിയത്. പകലും മഴ തുടർന്നു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് കലക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഇതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. നിരുത്തരവാദ നടപടിയാണെന്ന് നിരവധിപ്പേർ കലക്ടറുടെ ഫെയ്സ്ബുക് പേജിൽ കമന്റ് ചെയ്തു. പലരും വാർത്ത അറിഞ്ഞുവന്നപ്പോഴേക്കും വൈകി; മിക്കവരും സ്കൂളിലേക്കു പുറപ്പെട്ടിരുന്നു.
.
.
മാനന്തവാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു. കാറ്റോ മിന്നലോ ഇല്ലാതെ ശക്തമായ മഴയാണു പെയ്യുന്നത്. താഴ്ന്ന ചില പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
.
.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണു യാത്രാനിരോധനം. മലയോര മേഖലയിലേക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. പാംബ്ല ഡാമിന്റെ ഷട്ടർ തുറക്കാൻ അനുമതി നൽകി. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
.
സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അവധി നൽകി. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരുന്നു. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കു മാത്രമാണ് അവധി നൽകിയത്. കോളജുകൾക്ക് അവധി ബാധകമായിരുന്നില്ല. മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
.