പ്രവാസി പ്രൊഫഷനലുകളെ പിരിച്ചുവിടാനൊരുങ്ങി ഒമാനും; വിവിധ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കും

മസ്‌കറ്റ്: പ്രവാസികള്‍ക്കിടയിലെ പ്രൊഫഷനലുകള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി ഒമാന്‍. രാജ്യത്തെ ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളിലെ പ്രൊഫഷനല്‍ ജോലികള്‍ക്ക് ഒമാന്‍ പൗരന്‍മാര്‍ക്ക് മാത്രം സംവരണം ചെയ്യുന്നതിനുള്ള നപടികള്‍ ഗതാഗത, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് ഘട്ടംഘട്ടമായി അവരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കും. ആയിരക്കണക്കിന് പ്രവാസികളുടെ ജോലി ഇതോടെ നഷ്ടമാവും.
.
2025 ജനുവരി മുതല്‍ 2027 അവസാനം വരെ വിവിധ മേഖലകളിലെ ഏതാനും തൊഴിലുകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനമെന്ന് ഗതാഗത, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എച്ച് ഇ സെയ്ദ് ബിന്‍ ഹമൂദ് അല്‍ മവാലി അറിയിച്ചു.
.
2040 വരെ നീളുന്ന വാര്‍ഷിക ഒമാനൈസേഷന്‍ ലക്ഷ്യങ്ങള്‍ക്ക് മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രൊഫഷനല്‍ മേഖലയിലെ തൊഴിലുകള്‍ ഘട്ടംഘട്ടമായി പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും എത്ര ശതമാനം തസ്തികകളില്‍ ഒമാനികളെ നിയമിക്കണം എന്ന കാര്യത്തില്‍ തീരുാനമെടുക്കും. കൃത്യമായ വാര്‍ഷിക അവലോകനത്തിലൂടെ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു.
.
2024ല്‍ ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 20 ശതമാനവും കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ 31 ശതമാനവും സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. ഇതിനനുസരിച്ചായിരിക്കും പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുക. 2025 മുതല്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെയും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. 2027 ആകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 100 ശതമാനത്തിലെത്തിക്കും. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍, 2026 ഓടെ 50 ശതമാനം മുതല്‍ 100 ശതമാനം വരെ ഒമാനൈസേഷന്‍ നടപ്പിലാക്കും.
.
ഈ മേഖലകളില്‍ ഒമാനികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഒമാനികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതന പിന്തുണ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളില്‍ പ്രവാസികള്‍ കൈവശം വച്ചിരിക്കുന്ന ജോലികളില്‍ നിന്ന് അവരെ മാറ്റി പകരം കഴിവുള്ള ഒമാനി പ്രൊഫഷണലുകളെ നിയമിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മവാലി പറഞ്ഞു.
.

Share
error: Content is protected !!