കാത്തിരിപ്പും പ്രാ‍ർഥനയും വിഫലം; ‘അമ്മാ’ എന്ന് വിളിച്ച് ചിരിച്ച മുഖവുമായി ജോയി ഇനി വരില്ല. നെഞ്ചുപൊട്ടി നിലവിളിച്ച് അമ്മയും സഹോദരിയും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ. മൃതദേഹം ജോയിയുടേത് തന്നെയെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് രാവിലെ കണ്ടത്.
.
യാതൊരു വിധത്തിലുമുള്ള സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് ജോയി തോട് വൃത്തിയാക്കാനിറങ്ങിയത്. കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളികളെ കരയ്ക്ക നിർത്തിയാണ് ജോയി തോട്ടിലിറങ്ങിയത്. പെട്ടെന്ന് വെള്ളം കുത്തിയൊഴുകി എത്തിയതിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചിൽ‌ പുനഃരാരംഭിച്ചത്. സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത.
.

ജോയിയുടെ മൃതദേഹം കനാലിൽ നിന്ന് പുറത്തേക്കെടുക്കുന്നു. ചിത്രം മനോരമ
.
പതിവു പോലെ ‘അമ്മാ’യെന്നു നീട്ടിവിളിച്ചു ചിരിച്ച മുഖവുമായി ജോയി വരുമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ മൂന്നു ദിവസവും മാരായമുട്ടത്തെ ഇടിഞ്ഞുപൊളിയാറായ വീട്ടിൽ അമ്മ മെൽഹി കാത്തിരുന്നത്. ജോയി ഇനി മടങ്ങിവരില്ലെന്നു വിശ്വസിക്കാൻ അമ്മയ്ക്കോ ജോയിയെ അടുത്ത് അറിയാവുന്നവർക്കോ കഴിഞ്ഞിട്ടില്ല. സമീപത്തെ പള്ളിയിൽ പ്രാ‍ർഥനയിലായിരുന്ന അമ്മയോട് രാവിലെ 9.45നാണ് മരണവിവരം ബന്ധുക്കൾ അറിയിക്കുന്നത്.
.

ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു അമ്മ. ഏക ആശ്രയമായ മകനെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് ഈ അമ്മ. മകന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിച്ചാണു മെൽഹി കാത്തിരുന്നത്.
.
അമ്മയോട് യാത്ര പറഞ്ഞാണു ശനിയാഴ്ച രാവിലെ 6ന് വീട്ടിൽ നിന്നും ജോലിക്കായി ജോയി ഇറങ്ങിയത്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആരു വിളിച്ചാലും പോകുമായിരുന്നു. ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വിൽക്കും. കയറിക്കിടക്കാൻ‌ അടച്ചുറപ്പുള്ള ഒരു വീടു പോലും ഈ കുടുംബത്തിനില്ല. കരുത്തനായ ജോയി മടങ്ങിവരുമെന്ന പ്രതീക്ഷയായിരുന്നു അയൽവാസികൾക്കും ഉണ്ടായിരുന്നത്.
.

 

Share
error: Content is protected !!