ട്രംപിന് വെടിയേറ്റയുടന്‍ സ്‌നൈപ്പര്‍മാരുടെ പ്രത്യാക്രമണം; പുതിയ ദൃശ്യങ്ങള്‍ പുറത്ത് – വീഡിയോ

വാഷിങ്ടണ്‍: മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ അക്രമി വെടിയുതിര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. റാലിയില്‍ പ്രസംഗിക്കവെ ട്രംപിന്റെ വലതുചെവിയില്‍ വെടിയേല്‍ക്കുന്നതിന്റെ പിന്നില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. മുന്‍ഭാഗത്തുനിന്നുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
.
പെന്‍സില്‍വേനിയ സ്വദേശിയായ 20-കാരനാണ് അക്രമിയെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) തിരിച്ചറഞ്ഞിട്ടുണ്ട്. തോമസ് മാത്യു ക്രൂക്ക് എന്നാണ് ഇയാളുടെ പേരെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമത്തിന് പിന്നാലെ യു.എസ്. സീക്രട്ട് സര്‍വീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു.
.


.
സീക്രട്ട് സര്‍വീസിന്റെ കൗണ്ടര്‍ സ്‌നൈപ്പേഴ്‌സാണ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്. വിദൂരത്തുനിന്നാണ് ഇവര്‍ സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയത്. ട്രംപിന് നേരെ വെടിവെപ്പുണ്ടായി നിമിഷങ്ങള്‍ക്കകം തോമസ് മാത്യൂ ക്രൂക്കിനെ സ്‌നൈപ്പര്‍മാര്‍ വെടിവെച്ചുവീഴ്ത്തി. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്ത വീഡിയോകളാണ് ഇതെല്ലാം.
.


.
വെടിവെപ്പിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ടതിന് യു.എസ്. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്ദി അറിയിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു. വലതുചെവിയുടെ മുകള്‍ഭാഗത്താണ് തനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് തനിക്ക് മനസിലായിരുന്നു. പിന്നാലെയാണ് വെടിയേറ്റത്. വലിയരീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായതെന്നും ട്രംപ് പറഞ്ഞു.
.
ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നെങ്കിലും ഇത് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ക്കൊപ്പം അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിതനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

.

 

Share
error: Content is protected !!