‘എല്ലാം പറയും, ഇനി ഒന്നും മറക്കാനില്ല’; പണം ആർക്ക്, എപ്പോൾ, എവിടെവെച്ച് നൽകിയെന്ന് വ്യക്തമാക്കണം. പരാതിക്കാരൻ്റെ വീടിനുമുന്നിൽ സമരം ചെയ്യും – പ്രമോദ് കോട്ടൂളി

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ പാർട്ടി നടപടി നേരിട്ടതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നിൽ സമരമിരുന്ന് സി.പി.എം. മുൻ നേതാവ് പ്രമോദ് കോട്ടൂളിയും അമ്മയും. സത്യം തന്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണം. പാർട്ടി തെറ്റദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി നടപടിയെക്കുറിച്ച് ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ല. ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ല. ആരോപിക്കപ്പെടുന്നപോലെ 22 ലക്ഷം രൂപ ആർക്ക് എപ്പോൾ എവിടെവെച്ച് നൽകിയെന്ന് വ്യക്തമാക്കണമെന്നും പ്രമോദ് പറഞ്ഞു.
.
ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ്? എന്നാണ്? ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിന് പിന്നിൽ. ഇയാളുടെ വീടിന് മുന്നിലാണ് താനും അമ്മയും മകനും സമരമിരിക്കുന്നത്.  അയാൾ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
.

ഇത്രകാലമായി താൻ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഞാനൊരു മോശം വ്യക്തിയാണോ? ഇത്തരത്തിൽ ഒരു മാഫിയ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരാവാദിത്വം എനിക്കുണ്ട്. ജീവിച്ച ചുറ്റുപാടിൽ ഈ മേൽവിലാസം പകർന്നുതന്നത് ആരെന്ന് അറിയണം. ആരെയും വെല്ലുവിളിക്കുന്നില്ല. പ്രസ്ഥാനം സമൂഹത്തിന് മുന്നില്‍ മോശപ്പെട്ടുകൊണ്ടിരിക്കുകയാണ്- പ്രമോദ് പറഞ്ഞു.
.
വക്കീലിനെ ഒന്നും വയ്ക്കാന്‍ പറ്റിയ ഒരാളല്ല ഞാൻ. ഇവിടെ മാഫിയകളും റിയല്‍ എസ്റ്റേറ്റുമുണ്ടാകും. എന്നാല്‍, ഇതൊന്നും ചെയ്യാത്ത ആളെ ഇതിനകത്ത് കൊണ്ടുചെന്നെത്തിച്ച് കള്ളനാക്കരുത്. പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിത്, പ്രമോദ് പറഞ്ഞു.
.
‘എന്റെ അളിയന്റെ സുഹൃത്തായിട്ടാണ് ശ്രീജിത്ത് എന്റെ അടുത്ത് വരുന്നത്. ആരാണ് പണം വാങ്ങിയതെന്ന് അയാള്‍ എന്നോട് പറഞ്ഞില്ല. എന്റെ രക്ഷിതാവ് എന്റെ പാര്‍ട്ടിയാണ്. ആ സ്ഥാനത്തുള്ള ഒരാള്‍ എന്നോട് ശ്രീജിത്തുമായി ബന്ധപ്പെടേണ്ടെന്ന് പറഞ്ഞു. ആരേയും ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ആളല്ല. പണം കൊടുത്തിട്ടുണ്ടോ എന്ന് ശ്രീജിത്ത് പറയാനാണ് ഇവിടെ സമരം ഇരിക്കുന്നത്’- പ്രമോദ് പറഞ്ഞു.
.
പാര്‍ട്ടി നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിക്ക് ഒരു ബോധ്യം വേണ്ടേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്നതില്‍ തനിക്ക് പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സി.പി.എമ്മില്‍ വിഭാഗീയതയുണ്ടോ എന്ന ചോദ്യത്തിന്‌ താൻ ഒരു പക്ഷത്തിൻ്റെയും ആളല്ലെന്നും പ്രമോദ് പറഞ്ഞു.
.
‘അവന്‍ അങ്ങനെ പണം വാങ്ങിയിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. അതിനാലാണ് സമരത്തിനിറങ്ങിയത്. പാര്‍ട്ടിയില്‍ എന്തെങ്കിലും ആളുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകും. അതിനാലായിരിക്കും ഈ വിഷയം ഉണ്ടായത്’- പ്രമോദിന്റെ അമ്മ പറഞ്ഞു.
.

വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിന്റെ വിവരങ്ങളെല്ലാം വ്യക്തമാക്കും. ഇനി ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാ കാര്യങ്ങളും പറയും. റിയല്‍ എസ്റ്റേറ്റ് വഴി അവിഹിതമായി പണം സമ്പാദിച്ചെങ്കില്‍ അതിന് തെളിവ് കാണിക്കണം. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണ്. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നാളെയും മറ്റന്നാളുമായി സമർപ്പിക്കുമെന്നും പ്രമോദ് വ്യക്തമാക്കി.
.
പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. അദ്ദേഹത്തെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കുമെന്നും ശനിയാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമോദും കുടുംബവും സമരം ആരംഭിച്ചത്.
.

Share
error: Content is protected !!