കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീണ്ടും നിധി: മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും

കണ്ണൂർ: ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് ഇന്ന് വീണ്ടും നിധി കിട്ടി. സ്വർണ മുത്തുകളും വെള്ളി നാണയങ്ങളുമാണു കണ്ടെത്തിയത്. രാവിലെ കുഴി വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി കിട്ടിയത്.
.
പഞ്ചായത്തിൽ അറിയിച്ചശേഷം പൊലീസിനു കൈമാറുമെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെ 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് ലഭിച്ചത്.
.

നിധി പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
.
‘‘ ആദ്യം തോന്നിയത് കൂടോത്രമാണെന്നാണ്, പേടിച്ച് ആരും കുടം തുറന്നില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് നിധി കണ്ടത്’’– കണ്ണൂർ ചെങ്ങളായിയിൽ നിധി കണ്ടെത്തിയ തൊഴിലുറപ്പ് സംഘത്തിലെ സുലോചന പറഞ്ഞു.
.

‘‘എനിക്കല്ല, കൂട്ടത്തിലുണ്ടായിരുന്ന ആയിഷയ്ക്കാണു നിധി കിട്ടിയത്. മുക്കാൽ മീറ്ററോളം മഴക്കുഴി കുഴിച്ചപ്പോൾ ആയിഷയുടെ കാല് തട്ടി കുടം പുറത്തുവന്നു. കുടം മണ്ണിൽനിന്ന് എടുത്ത് മുകളിൽവച്ചു. രാവിലെ കിട്ടിയെങ്കിലും വൈകിട്ട് 4 മണിക്കാണ് ഞങ്ങൾ തുറന്നു നോക്കിയത്. കുടത്തിന്റെ അടപ്പ് തുറന്നു തറയിലേക്ക് തട്ടിയപ്പോഴാണ് ആഭരണങ്ങളും നാണയങ്ങളും കിട്ടിയത്.
.
കുടത്തിൽ ബോംബാണെന്ന് പേടി തോന്നിയില്ല. കൂടോത്രം ആണെന്നു പേടിച്ചു. ആഭരണവും നാണയവും കണ്ടപ്പോൾ പഴക്കം തോന്നി. ഉടനെ പഞ്ചായത്തിനെ അറിയിച്ചു. ആറു മണിക്ക് ശേഷമാണ് പൊലീസിനു കൈമാറിയത്. നിധി കിട്ടിയതിനുശേഷം ആ ഭാഗത്തേക്ക് തൊഴിലാളികൾ പോയില്ല. 90 മഴക്കുഴി കുഴിക്കാനുണ്ട്. 25 കുഴിയേ ആയിട്ടുള്ളൂ’’– സുലോചന പറഞ്ഞു.
.

തൊഴിലുറപ്പ് സംഘത്തിൽ 18 പേരുണ്ടായിരുന്നു. ഇവിടെനിന്ന് ആദ്യമായാണ് നിധി കിട്ടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ടാഴ്ചയായി സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ നിന്നാണ് നിധി ലഭിച്ചത്.
.

Share
error: Content is protected !!