പാസ്പോർട്ട് കാലാവധി നോക്കാതെ ടിക്കറ്റെടുത്തു; വൻതുക നഷ്ടം, യാത്ര മുടങ്ങിയവരിൽ മലയാളികളും

അബുദാബി: പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞത് അറിയാതെ വിമാനത്താവളത്തിൽ എത്തിയ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ യാത്ര മുടങ്ങി. വേനൽ അവധിക്കാല തിരിക്കിനിടെ അഞ്ചും പത്തും ഇരട്ടി തുക നൽകി വിമാന ടിക്കറ്റ് എടുത്ത് എയർപോർട്ടിൽ എത്തിയവർക്കാണ് യാത്ര മുടങ്ങിയത്. ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകളിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോഴാണ് പലരും ഇത് അറിയുന്നത്. വിമാനം പുറപ്പെടുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് മാത്രം അറിയുന്നതിനാൽ യാത്ര മുടങ്ങുമെന്ന് മാത്രമല്ല വിമാന ടിക്കറ്റ് തുക തിരിച്ചു കിട്ടുകയുമില്ല. ഇതുമൂലം വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

.

ലക്ഷങ്ങൾ നഷ്ടപ്പെട്ട് കുടുംബങ്ങൾ
കുടുംബമായി നാട്ടിലേക്കു പോകുന്നവരിൽ ചെറിയ കുട്ടിയുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ യാത്ര തടസ്സപ്പെട്ടവരുണ്ട്. ഈയിനത്തിൽ ലക്ഷങ്ങൾ നഷ്ടമായവരും ഏറെ. കണ്ണൂർ പുതിയങ്ങാടി സ്വദേശി കരീമിന്റെ രണ്ടാമത്തെ മകളുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞത് എയർപോർട്ടിലെ ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് അറിയുന്നത്.

.

14കാരിയെ ഇവിടെ നിർത്തി ഭാര്യയും മറ്റു മക്കളെയും നാട്ടിലേക്ക് അയച്ച കരീം പുതിയ പാസ്പോർട്ട് എടുത്ത് 3 ദിവസത്തിനകം മകളെയും നാട്ടിലെത്തിച്ചു. തിരക്കേറിയ സമയമായതിനാൽ വിമാന ടിക്കറ്റ് ഇനത്തിൽ വൻ തുക നൽകേണ്ടിവന്നു. ഇതുപോലെ മുതിർന്നവരുടെയും കുട്ടികളുടെയും വീസ കാലാവധി കഴിഞ്ഞതറിയാതെ വിമാനത്താവളത്തിൽ എത്തി മടങ്ങുന്നവരും ഉണ്ടെന്ന് സാമൂഹിക പ്രവർത്തകൻ ബി.സി.അബൂബക്കർ പറഞ്ഞു. എംബസി  ഇടപെടലിലൂടെ പെട്ടെന്ന് പാസ്പോർട്ട് തരപ്പെടുത്തിയാണ് പലരും വീണ്ടും ടിക്കറ്റ് എടുത്ത് നാട്ടിലേക്കു പോകുന്നത്.

.

അശ്രദ്ധയുടെ നഷ്ടക്കണക്ക്
അശ്രദ്ധ മൂലം വലിയസാമ്പത്തിക ബാധ്യതയാണ് കുടുംബങ്ങൾക്കുണ്ടായതെന്നും ടിക്കറ്റ് എടുക്കുന്നതിന് മുൻപു തന്നെ പാസ്പോർട്ട് കാലാവധി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ പുന്നയൂർക്കുളം സ്വദേശി റസീനയും മക്കളായ മുഹമ്മദ് ഇഷാൻ നൗഫലും സിയ നഫ്രീനും യാത്രയുടെ തലേ ദിവസമാണ് പാസ്പോർട്ട് നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടൻ വിമാന ടിക്കറ്റ് റദ്ദാക്കിയതിനാൽ വലിയ നഷ്ടമുണ്ടായില്ല.എന്നാൽ നഷ്ടപ്പെട്ട പാസ്പോർട്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിവർ.

അബുദാബിയിൽ ജോലി ചെയ്യുന്ന റസീന പാസ്പോർട്ട് നഷ്ടപ്പെട്ടെന്ന് കരുതുന്ന ദുബായിലെത്തിയാണ് പരാതി നൽകിയത്. തുടർന്ന് എമിഗ്രേഷൻ, പൊലീസ് സ്റ്റേഷൻ, എംബസി തുടങ്ങിയ കാര്യാലയങ്ങളിൽ കയറിയിറങ്ങി. സ്വദേശി വനിതയായ മുതിർന്ന ഉദ്യോഗസ്ഥയോട് തന്റെ പ്രയാസം നേരിട്ട് അവതരിപ്പിച്ചതോടെയാണ് കാര്യങ്ങൾക്ക് വേഗമുണ്ടായത്. സാമൂഹിക പ്രവർത്തകൻ ബി.സി.അബൂബക്കറിന്റെ സഹായത്തോടെ ഇന്ത്യൻ എംബസിയിലെ നടപടിക്രമങ്ങളും പെട്ടെന്ന് പൂർത്തിയാക്കാനായെന്ന് റസീന പറഞ്ഞു. (കടപ്പാട്-മനോരമ)

.

Share
error: Content is protected !!