ലിവിങ് ടുഗതർ പങ്കാളി ഭർത്താവല്ല; യുവാവിനെതിരെ യുവതി നൽകിയ ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലിവ് ഇൻ ബന്ധം നിയമപരമായ വിവാഹമല്ലാത്തതിനാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ 498 (എ) അനുസരിച്ചുള്ള കുറ്റം പങ്കാളിക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിയായ യുവാവുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന സമയത്ത് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്നു കാട്ടി കോഴിക്കോട് സ്വദേശിനി നൽകിയ പരാതി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഐപിസി 498 (എ) അനുസരിച്ചായിരുന്നു യുവാവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നത്. വിവാഹ ബന്ധത്തിൽ ഭാര്യയ്ക്ക് ഭർത്താവിൽ നിന്നോ ഭർത്താവിന്റെ ബന്ധുക്കളില്‍ നിന്നോ പീഡനങ്ങളേൽ‍ക്കുന്നതിനെ തടയുന്നതാണ് ഈ വകുപ്പ്.

.

2023 മാർച്ച് മുതൽ ഓഗസ്റ്റ് മാസം വരെ ലിവ് ഇൻ ബന്ധത്തിൽ ജീവിച്ച സമയത്ത് ശാരീരിക, മാനസിക പീഡനങ്ങളേറ്റു എന്നു കാട്ടി കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. ഇത് ഇപ്പോൾ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

.

ഐപിസി 498 (എ) അനുസരിച്ചുള്ള കുറ്റം കേസിൽ നിലനിൽ‍ക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തങ്ങൾ ലിവ് ഇൻ ബന്ധത്തിലായിരുന്നു എന്നും നിയമപരമായി വിവാഹിതരായിട്ടില്ല എന്നും ഹർജിക്കാരൻ വാദിച്ചു. അതിനാൽ 498 (എ) ഈ കേസിൽ നിലനിൽക്കില്ല എന്ന് ഹൈക്കോടതിയുടെ മുൻ വിധികളടക്കം ചൂണ്ടിക്കാട്ടി ഹർജിക്കാരൻ വാദിച്ചു.

.

ഇതേ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള മുൻ വിധിന്യായങ്ങൾ പിന്തുടർന്നാണ് ഹൈക്കോടതിയും ഇത്തരം കേസുകളിൽ മുൻപ് വിധി പറഞ്ഞിട്ടുള്ളതെന്ന് ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് നിരീക്ഷിച്ചു. ഐപിസി 498 (എ) അനുസരിച്ച് ഭർത്താവ് എന്ന് പറയുന്നത് സ്ത്രീയുടെ വിവാഹബന്ധത്തിലുള്ള പങ്കാളിയെയാണ്. അത്തരത്തിൽ നിയമപരമായ വിവാഹബന്ധത്തില്‍ അല്ലാതെ സ്ത്രീയുടെ പങ്കാളിയെ ഭർത്താവ് എന്നു വിശേഷിപ്പിച്ച് ഐപിസി 498 (എ) ബാധകമാക്കാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. തുടർന്ന് യുവാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

.

Share
error: Content is protected !!