പ്രിയതമയെയും പിഞ്ചോമനയെയും കണ്ണീരോടെ യാത്രയാക്കി ബസുദേവ്; ഇനി കേരളത്തിലേക്കില്ല

ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിലെ മോർച്ചറിക്കു മുന്നിൽ പ്രിയപ്പെട്ടവരു‌ടെ ചേതനയറ്റ ശരീരം കാത്തിരുന്ന ബസുദേവിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ നിറയെ നിസ്സഹായതയും നിരാശയുമായിരുന്നു. നാടിനു നോവായി മാറിയ ദുരന്തത്തിൽ ഭാര്യയെയും പിഞ്ചോമനയെയും നഷ്ടപ്പെട്ട യുവാവിന്റെ നിസ്സഹായാവസ്ഥ കണ്ടുനിന്നവരുടെ ഉള്ളുപൊള്ളിച്ചു. പ്രണയസാഫല്യത്തിലൂടെ സ്വന്തമാക്കിയ നല്ലപാതിയെയും ഒന്നര വയസ്സുള്ള മകനെയും കൂട്ടി ഉപജീവനമാർഗം തേടിയെത്തിയ ബംഗാൾ സ്വദേശി ബസുദേവ് (30) പ്രിയപ്പെട്ടവരെ എന്നെന്നേക്കുമായി യാത്രയാക്കി ഏകനായി കേരളം വിടുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ചെർപ്പുളശ്ശേരി വെള്ളിനേഴി നെല്ലിപ്പറ്റക്കുന്നിൽ ഫാമിലെ ജലസംഭരണി തകർന്നാണു പർഗാനാസ് ജില്ല കുസുംതല ഗ്രാമത്തിലെ ബസുദേവിന്റെ ഭാര്യ ഷൈമിലിയും (30) മകൻ ഒന്നര വയസ്സുകാരൻ സമീറാമും മരിച്ചത്.

.

വൈകിട്ടോടെ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാവിലെയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബസുദേവ് നേരത്തെ തന്നെ ആശുപത്രിയിലെത്തി. തൊഴിലുടമയും വെള്ളിനേഴിയിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും അയൽവാസികളുമെല്ലാം  യുവാവിനെ ആശ്വസിപ്പിക്കാൻ ഏറെ പാടുപെട്ടു.

നാട്ടുകാരനും ബന്ധുവുമായ ചെർപ്പുളശ്ശേരിയിലെ അതിഥിത്തൊഴിലാളി കുമാർ ബസുദേവിനെ ചേർത്തുപിടിച്ചു കൂടെനിന്നു. നാട്ടിലുള്ളവർക്കും ബസുദേവിനും ഇടയിലെ ആശയവിനിമയങ്ങൾ മുഴുവൻ കുമാറിനെ കേന്ദ്രീകരിച്ചായിരുന്നു. മകളുടെയും പേരക്കുട്ടിയുടെയും ദാരുണ മരണം ഇപ്പോഴും ഷൈമിലിയുടെ, രോഗബാധിതനായ അച്ഛനെ അറിയിച്ചിട്ടില്ലെന്നു കുമാർ പറഞ്ഞു. നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ടും കാലതമാസവുമെല്ലാം പരിഗണിച്ചു മൃതദേഹങ്ങൾ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

.

പ്രണയിച്ചു വിവാഹം കഴിച്ച ബസുദേവും ഷൈമിലിയും ഒരേ ഗ്രാമക്കാരാണ്. ഷൈമിലിയുടെ ബന്ധുക്കൾ ഉയർത്തിയ എതിർപ്പു മറികടന്നായിരുന്നു സ്വപ്നസാക്ഷാത്കാരം. കുഞ്ഞു പിറന്നതോടെ എല്ലാം മറന്നു കുടുംബങ്ങൾ ഒന്നിച്ചു. പിന്നാലെ ബസുദേവ് ഭാര്യയെയും മകനെയും ചെർപ്പുളശ്ശേരിയിലെ തൊഴിലിടത്തിലേക്കു കൊണ്ടുവന്നു. ഉറ്റവരുടെ ഓർമകളെ കൂടെക്കൂട്ടി ഒറ്റയ്ക്കാണു ബസുദേവിന്റെ മടക്കം. യുവാവിനെ വിമാനമാർഗം നാട്ടിലെത്തിക്കാനാണു തൊഴിലുടമയുടെ ശ്രമം. ഇനിയൊരിക്കലും കേരളത്തിലേക്ക് ഇല്ലെന്ന തീരുമാനത്തിലാണു ബസുദേവിന്റെ മടക്കം.

.

ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; വെട്ടുകല്ലിൽ വെള്ളമിറങ്ങി കുതിർന്നത് മൂലമെന്നു വില്ലേജ് ഓഫിസർ


വെള്ളിനേഴി നെല്ലിപ്പറ്റക്കുന്നിൽ പശുഫാമിലെ ജലസംഭരണി തകർന്നടിയാൻ കാരണം സംഭരണി നിർമിക്കാനുപയോഗിച്ച വെട്ടുകല്ല് വെള്ളമിറങ്ങി കുതിർന്നതു മൂലമെന്ന് വെള്ളിനേഴി വില്ലേജ് ഓഫിസറുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജലസംഭരണി തകർന്നു വീണ് ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസുദേവിന്റെ ഭാര്യ ഷൈമിലിയും (30)  മകൻ സമീറാമും (ഒന്നര) മരിച്ചത്. സംഭരണി കെട്ടാനുപയോഗിച്ച വെട്ടുകല്ലിൽ വെള്ളം ഇറങ്ങി കുതിർന്ന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സംഭരണിയുടെ സിമന്റ് പ്ലാസ്റ്ററിങ്ങിനു തീരെ കനം ഇല്ലായിരുന്നെന്നും വില്ലേജ് ഓഫിസർ വി.എസ്.ദീപ്തി പറഞ്ഞു.
.
ആവശ്യത്തിനു സിമന്റ് ഉപയോഗിക്കാതെ നിലവാരം കുറഞ്ഞ വെട്ടുകല്ലുകൊണ്ട് സംഭരണി നിർമിച്ചത് അപകടത്തിന് ആക്കം കൂട്ടി. ദിവസവും വെള്ളം നിൽക്കേണ്ട സംഭരണി തകർന്നു വീഴില്ലെന്ന ഉറപ്പോടും ബലത്തോടും കൂടിയാണു നിർമിക്കേണ്ടിയിരുന്നത്. അതുകൊണ്ടാണ് അധികം പഴക്കമില്ലാത്ത സംഭരണി തകർന്നു വീഴാനും രണ്ടു ജീവനുകൾ പൊലിയാനും കാരണമായത്. അന്വേഷണ റിപ്പോർട്ട് ഇന്ന് ഒറ്റപ്പാലം തഹസിൽദാർക്ക് നൽകുമെന്നും ആവശ്യമെങ്കിൽ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. (കടപ്പാട്-മനോരമ)

.

Share
error: Content is protected !!