നിയമവിരുദ്ധമായി ചികിത്സ നടത്തിയ ഡോക്ടർ പിടിയിലായി; ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്തവയിൽ കാലഹരണപ്പെട്ട മരുന്നുകളും ഉപകരണങ്ങളും
ജിദ്ദ: സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഡോക്ടർ പിടിയിലായി. വന്ധ്യത, ന്യൂറോളജിക്കൽ രോഗങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവ ചികിത്സിക്കുമെന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തെ സുരക്ഷാവിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് ആരോഗ്യ മന്ത്രാലയം പിടികൂടിയത്. ജിദ്ദയിലെ ഒരു കരാർ ഓഫീസിനുള്ളിലെ ലൈസൻസില്ലാത്ത കെട്ടിടങ്ങളിലൊന്നിൽ അനുമതിയില്ലാതെ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഇയാൾ. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനാൽ ഇദ്ദേഹത്തെ മെഡിക്കൽ പ്രാക്ടീസ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തു. കൂടാതെ നിയമനപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
.
വന്ധ്യതക്കും ന്യൂറോളജിക്കൽ രോഗങ്ങൾക്കുമായി നിരവധി പേർ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നു. മന്ത്രായലം നിഷ്കർഷിക്കുന്ന മിനിമം മെഡിക്കൽ, ആരോഗ്യ സൌകര്യങ്ങൾപോലും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. ഇത് രോഗികളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയായണെന്ന് അറിയിച്ചുകൊണ്ട് സൂപ്പർവൈസറി ടീമുകൾക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പിടിയിലാകുന്നത്.
.
അഞ്ച് വർഷം വരെ തടവും അര ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന ബീജസങ്കലനം, ഭ്രൂണശാസ്ത്രം, വന്ധ്യതാ ചികിത്സാ യൂണിറ്റുകളുടെ നിയമലംഘനങ്ങൾ, എന്നിവയ്ക്ക് പുറമേ ആരോഗ്യ പ്രൊഫഷനുകളുടെ നിയമലംഘനം എന്നിവയും ഇദ്ദേഹത്തിന് മേൽ ചുമത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു.
നിയമവിരുദ്ധമായി ക്ലിനിക്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ ഉടമയെയും പിടികൂടി നിയമനടപടികൾക്കായി കൈമാറിയിട്ടുണ്ട്. കൂടാതെ ഈ കേസിൽ ഉൾപ്പെട്ടതായി തെളിയിക്കപ്പെട്ട എല്ലാവരെയും നിയമനടപടികൾക്ക് റഫർ ചെയ്യുന്നതിനുള്ള അന്വേഷണ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
.
കാലഹരണപ്പെട്ട മെഡിക്കൽ മരുന്നുകൾ, രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ, സൈക്കോട്രോപിക് വസ്തുക്കൾ, അജ്ഞാതവും സുരക്ഷിതമല്ലാത്തതുമായ മറ്റ് മെഡിക്കൽ സാധനങ്ങൾ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തു.
ഇത്തരം നിയമവിരുദ്ധ ആരോഗ്യ പ്രവർത്തകരെ കുറിച്ച് അറിയുന്നവർ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.
.