‘കാറിൻ്റെ ടയറിൽ കാവേരി കുടുങ്ങി, അവളേയും വലിച്ചുകൊണ്ട് ഏറെ ദൂരം പോയി’: ഭീതിയോടെ ഓർത്തെടുത്ത് പ്രദീപ്

മുംബൈ: ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകന്റെ ആഡംബരക്കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി മരിച്ച സ്ത്രീയുടെ ഭർത്താവ്. തങ്ങൾ പാവപ്പെട്ടവാരണെന്നും പണക്കാരായതിനാലാണോ പ്രതിയായ മിഹിറിനെ പിടിക്കൂടാത്തതെന്നും അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മത്സ്യവിൽപ്പനക്കാരനായ പ്രദീപ് നഖ്വി ചോദിച്ചു.

‘‘മത്സ്യം വാങ്ങുന്നതിനാണ് രാവിലെ സസൂൺ ഡോക്കിൽ പോയത്. ഇവിടെ നിന്ന് തിരികെ വരുമ്പോഴായിരുന്നു അപകടം. അമിതവേഗത്തിൽ വന്ന കാർ ഞങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ചു പോയ ഞങ്ങൾ കാറിന്റെ ബോണറ്റിലേക്കാണ് വന്നു വീണത്.

തുടർന്ന് റോഡിന്റെ ഇടതു വശത്തേക്ക് ഞാൻ വീണു. എന്നാൽ എന്റെ ഭാര്യ കാവേരി കാറിന്റെ ടയറിൽ കുടുങ്ങി. കാർ നിർത്താൻ ഞാൻ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.  ടയറിന്റെ ഉള്ളിൽ നിന്ന് ആ സമയത്ത് പുക പൊങ്ങുന്നതും കണ്ടു. പിന്നെ കുറേ ദൂരം കാവേരിയെ വലിച്ചുകൊണ്ട് കാർ മുന്നോട്ടു പോയി.’’– പ്രദീപ് നഖ്വി ഭീതിയോടെ ഓർത്തെടുത്തു. കുറേ നേരം താൻ കാറിന്റെ പിന്നാലെ ഓടിയെന്നും ചേതനയറ്റാണ് അവളെ റോഡിൽ കണ്ടെത്തിയതെന്നും പ്രദീപ് നഖ്വി നിറകണ്ണുകളോടെ പറഞ്ഞു.

.

.

അപകടം നടന്ന് 36 മണിക്കൂർ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് പ്രതിയായ മിഹിർ ഷായെ പൊലീസിന് പിടിക്കാൻ സാധിക്കാത്തതെന്ന് പ്രദീപ് ചോദിച്ചു. തങ്ങൾ പാവപ്പെട്ടവരായതു കൊണ്ടാണോ പ്രതിയെ പിടിക്കാൻ താമസിക്കുന്നത്. പ്രതിയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും വലിയ സ്വാധീനമുണ്ടെന്നും പ്രദീപ് ആരോപിച്ചു.

.

ഞായറാഴ്ച്ച രാവിലെ 5.30ന് മുംബൈ വോർളിയിലെ ആനി ബസന്റ് റോഡിൽ വച്ചാണ് ആഡംബര കാറിടിച്ച് മത്സ്യവിൽപ്പനക്കാരിയായ കാവേരി മരിച്ചത്. സംഭവത്തിൽ മദ്യപിച്ച് കാറോടിച്ച ശിവസേനാ ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ ഒളിവിലാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പിതാവ് രാജേഷ് ഷാ, ഡ്രൈവർ എന്നിവരെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

.

Share
error: Content is protected !!